'ബോയ്‌സ് ലോക്കര്‍' റൂമിനെതിരെ ഇന്‍സ്റ്റഗ്രാമിന് നോട്ടീസ് അയച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍

Glint desk
Tue, 05-05-2020 11:08:26 AM ;

'ബോയ്‌സ് ലോക്കര്‍ റൂം' എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനെതിരെ ഇന്‍സ്റ്റഗ്രാമിനും പോലീസിനും നോട്ടീസ് നല്‍കി ഡല്‍ഹി വനിതാ കമ്മീഷന്‍. പെണ്‍ക്കുട്ടികളെ കുറിച്ച് അശ്ലീലവും അധിക്ഷേപാര്‍ഹവുമായ സംഭാഷണങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളുടെ കൈമാറ്റവുമാണ് ഈ ഗ്രൂപ്പില്‍ നടക്കുന്നതെന്ന് നോട്ടീസില്‍ പറയുന്നു. ഈ ഗ്രൂപ്പില്‍ നടക്കുന്ന പല ചാറ്റുകളുടെയും സ്‌ക്രീന്‍ഷോട്ട്‌സ് ചാറ്റ് നടത്തിയ ആളുകളുടെ പേര് സഹിതം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും  ഒരു സമൂഹമാധ്യമത്തെ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉപയോഗിക്കുന്നു എന്നത് ഗൗരവമായി കാണേണ്ടതാണ് എന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

ഡല്‍ഹിയിലെ കൗമാരക്കാരായ ഒരു സംഘം ആണ്‍ക്കുട്ടികളുടെ ചാറ്റ്ഗ്രൂപ്പാണ് 'ബോയ്‌സ് ലോക്കര്‍ റൂം'. ഈ ഗ്രൂപ്പില്‍ ലൈംഗികാതിക്രമങ്ങളെ സ്വാഭാവികവല്‍ക്കരിക്കുന്ന നിരവധി സന്ദേശങ്ങളാണ് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിലുള്‍പ്പെട്ട ആണ്‍ക്കുട്ടികള്‍ ഡല്‍ഹിയിലെ ചില പ്രധാന സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികളാണ്. ഇന്‍സ്റ്റഗ്രാമിന് പുറമെ സ്‌നാപ്പ് ചാറ്റ് ആപ്പ് വഴിയും ബോയ്‌സ് ലോക്കര്‍ റൂം പ്രവര്‍ത്തിപ്പിച്ചിരുന്നു. 

ഈ ഗ്രൂപ്പിനെ കുറിച്ച് മറ്റാരുടെയും പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ഗ്രൂപ്പിലെ പോസ്റ്റുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നുമാണ് ഡല്‍ഹി പോലീസ് ഇതിനെ കുറിച്ച് പ്രതികരിക്കുന്നത്. 

ഡല്‍ഹിയിലെ ഒരു സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ട്വിറ്ററിലൂടെ ഈ ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട്‌സ് പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തന്റെ സ്‌ക്കൂളിലെ രണ്ട് ആണ്‍ക്കുട്ടികള്‍ ഈ ഗ്രൂപ്പിലുണ്ടെന്നും പെണ്‍ക്കുട്ടി പറഞ്ഞിരുന്നു. ആണ്‍ക്കുട്ടികളുടെ പേരും ഫോട്ടോയും അടക്കമുള്ള സ്‌ക്രീന്‍ഷോട്ടാണ് പുറത്തു വിട്ടത്. ഇതിന് ശേഷം #boyslockerroom  ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. 

Tags: