വിമാനയാത്രയ്ക്ക് മാര്‍ഗനിര്‍ദ്ദേശമായി, യാത്ര ചെയ്യുന്നവര്‍ക്ക് ആരോഗ്യസേതു നിര്‍ബന്ധം

Glint desk
Thu, 21-05-2020 11:38:45 AM ;

ആഭ്യന്തര വിമാനസര്‍വ്വീസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു. മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചിരുന്നു.    

തിങ്കളാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാനസര്‍വ്വീസുകളില്‍ യാത്രചെയ്യുന്നവരുടെ മൊബൈലില്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. വിമാനത്തവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തണം. ആരോഗ്യസേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. 14 വയസ്സിന് താഴെയുള്ള കട്ടികള്‍ക്ക് ആരോഗ്യസേതു നിരബന്ധമല്ല എന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് ഇറക്കിയ മാര്‍ഗരേഖയില്‍ വിശദീകരിച്ചിട്ടുണ്ട്. 80 വയസ് കഴിഞ്ഞവര്‍ക്ക് യാത്ര അനുവദിക്കില്ല.

എല്ലാ യാത്രക്കാരും രണ്ട് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം. എന്നാല്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മാത്രമെ ടെര്‍മിനലിലേക്ക് യാത്രക്കാരെ കടത്തി വിടുകയുള്ളൂ. മാസ്‌ക്കും ഗ്ലൗസും നിര്‍ബന്ധമാണ്. സ്വന്തം വാഹനം അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട ടാക്‌സി, പൊതുഗതാഗത സംവിധാനങ്ങള്‍ ഇവയെ മാത്രമെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. എല്ലാ യാത്രക്കാരും നിര്‍ബന്ധമായും തെര്‍മല്‍ സ്‌ക്രീനിംഗിലൂടെ കടന്ന് പോകണം.
 
വിമാനത്താവളത്തില്‍ ട്രോളികള്‍ അനുവദിക്കില്ല. പാദരക്ഷകള്‍ അണുവിമുക്തമാക്കുന്നതിനായി സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനിയില്‍ മുക്കിയ മാറ്റുകള്‍ പ്രവേശന കവാടത്തില്‍ ഉണ്ടായിരിക്കണം. ബോര്‍ഡിങ് കാര്‍ഡുകള്‍ നല്‍കുന്ന കൗണ്ടറുകള്‍ ഉള്‍പ്പെടെ ഗ്ലാസ് അല്ലെങ്കില്‍ പ്‌ളെക്‌സി ഗ്ലാസ് ഉപയോഗിച്ച് തിരിക്കണം. 

വിമാനത്താവളത്തില്‍ സാമൂഹിക അകലം പാലിച്ച് മാത്രമെ യാത്രക്കാരെ ഇരിക്കാന്‍ അനുവദിക്കൂ. യാത്രക്കാരെ ഇറക്കുന്നതും സാമൂഹിക അകലം പാലിച്ച് ആയിരിക്കണം. അണുവിമുക്തമാക്കിയ ശേഷമാകും ലഗേജുകള്‍ യാത്രക്കാര്‍ക്ക് നല്‍കുക. എയര്‍പോര്‍ട്ടില്‍ പരമാവധി ഡിജിറ്റല്‍ പേയ്‌മെന്റുകളാണ് പ്രോല്‍സാഹിപ്പിക്കേണ്ടത് എന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നുണ്ട്. 

വിമാനങ്ങളില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടുന്നത് പ്രയോഗികമല്ലെന്നും വ്യോമയാന മന്ത്രി പറഞ്ഞിരുന്നു. ഇങ്ങനെ ചെയ്താല്‍ ടിക്കറ്റ് നിരക്ക് 30%ത്തില്‍ അധികം ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടാകും. അത് ഒഴിവാക്കാനാണ് സീറ്റുകള്‍ ഒഴിച്ചിടാതെ സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചത്.ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതലാണ് രാജ്യത്തെ വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

 

Tags: