തമിഴ്‌നാട്ടിലും വെട്ടുക്കിളി ആക്രമണം

Glint desk
Sat, 30-05-2020 12:15:46 PM ;

കൃഷിനാശം വിതക്കുന്ന വെട്ടുക്കിളികളെ തമിഴ്‌നാട്ടിലും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി, നീലഗിരി ജില്ലകളിലാണ് വെട്ടുക്കിളികളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കൃഷ്ണഗിരിയില്‍ ഏക്കര്‍ കണക്കിന് കൃഷി വെട്ടുക്കിളികള്‍ നശിപ്പിച്ചതായാണ് വിവരം. കൃഷ്ണഗിരിയെ കൂടാതെ വയനാട്-മലപ്പുറം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന നിലഗിരി ജില്ലയിലും വെട്ടുക്കിളികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 

എന്നാല്‍ ഉത്തരേന്ത്യയില്‍ വ്യാപകനാശം വിതച്ച വെട്ടുക്കിളികളല്ല തമിഴ്‌നാട്ടിലേത് എന്നാണ് വിദഗ്ദര്‍ പറയുന്നത്. പ്രാദേശികമായി കണ്ടുവരുന്ന വെട്ടുക്കിളി കൂട്ടമാണ് എന്നും ഇവ അധികം ദൂരം സഞ്ചരിക്കാന്‍ സാധ്യത ഇല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയില്‍ നാശം വിതച്ച വെട്ടുക്കിളിക്കൂട്ടം ദക്ഷിണേന്ത്യയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്.

ഉത്തരേന്ത്യയില്‍ അന്‍പതിനായിരം ഹെക്ടര്‍ പ്രദേശത്ത് ഇതുവരെ വെട്ടുക്കിളിക്കൂട്ടം കൃഷിനാശം ഉണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാതെ ഇരിക്കാനുള്ള നടപടികള്‍ കേന്ദ്രവും സംസ്ഥാനങ്ങളും തുടരുകയാണ്. കര്‍ണാടക, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 5 സംസ്ഥാനങ്ങളിലെ 377 കേന്ദ്രങ്ങളിലായി 53,997 ഹെക്ടര്‍ സ്ഥലത്ത് മരുന്ന് തളി ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനം നടത്തിയതായി കാര്‍ഷിക മന്ത്രാലം അറിയിച്ചു.

വെട്ടുക്കിളി ആക്രമണം രൂക്ഷമായ മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് വ്യോമയാന മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഈ പ്രദേശങ്ങളിലെ സര്‍വീസ് ഒഴിവാക്കുകയോ രാത്രികാലങ്ങളില്‍ സര്‍വീസ് ക്രമീകരിക്കുകയോ വേണമെന്നാണ് വിമാന കമ്പനികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം. വിമാനം ഉയര്‍ന്ന് പൊങ്ങുമ്പോഴും താഴുമ്പോഴും വെട്ടുക്കിളികള്‍ ഭീഷണിയാണെന്ന വ്യോമയാന മന്ത്രാലയത്തിന്റെ വിലയിരുത്തലാണ് ഈ മാര്‍ഗ നിര്‍ദേശം ഇറക്കാന്‍ കാരണം.  

  

Tags: