ലഡാക്കില്‍ ചൈനയുടെ വെടിവെപ്പ്; കേണലിനും രണ്ട് സൈനികര്‍ക്കും വീരമൃത്യു

Glint desk
Tue, 16-06-2020 01:35:53 PM ;

ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ കമാന്‍ഡിംഗ് ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും വീരമൃത്യു. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗാല്‍വന്‍ വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. 

സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. 1975ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അതിര്‍ത്തിയില്‍ സൈനികരുടെ മരണത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള സംഘര്‍ഷം ഉണ്ടാവുന്നത്. 

വെടിവെപ്പില്‍ രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവം വിശദീകരിക്കുന്നതിനയി സൈന്യം രണ്ട് മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. 

സംഭവത്തോട് ചൈന ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. ഇന്ത്യ ഏകപക്ഷീയമായ രീതിയിലാണ് വിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അനാവശ്യ പ്രസ്താവനകള്‍ നടത്തി പ്രശ്‌നം വഷളാക്കരുതെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെടിവയ്പ്പ് ഉണ്ടായിട്ടില്ലെന്ന തരത്തിലുള്ള വിശദീകരണങ്ങളും പുറത്തുവരുന്നുണ്ട്.

 

Tags: