തൂത്തുക്കുടി കസ്റ്റഡി മരണം; പ്രതിഷേധം കത്തുന്നു

Glint desk
Sat, 27-06-2020 12:04:42 PM ;

തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. തൂത്തുക്കുടിയിലെ സാത്താങ്കുളത്ത് വ്യാപാസ്ഥാപനം നടത്തുന്ന ജയരാമന്‍(58), മകന്‍ ബെന്നിക്‌സ് (31) എന്നിവരാണ് മരിച്ചത്. അമേരിക്കയില്‍ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തോട് ഉപമിച്ചാണ് ട്വിറ്ററില്‍ തൂത്തുക്കുടി കസ്റ്റഡി മരണത്തിനെതിരെയുള്ള പ്രതിഷേധം വ്യാപിക്കുന്നത്. 

ലോക്ക്ഡൗണ്‍ നിയമലംഘനത്തിനാണ് മൊബൈല്‍ഫോണ്‍ സര്‍വീസ് കട നടത്തുന്ന ജയരാജിനെയും മകന്‍ ബെന്നിക്‌സിനെയും അറസ്റ്റ് ചെയ്തത്. കോവില്‍പ്പെട്ടി സബ്ജയിലിലായിരുന്ന ഇരുവരും ഇക്കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി മരിക്കുകയായിരുന്നു. 

അതിക്രൂരമായാണ് പോലീസ് അവരെ കൊന്നത്. അവര്‍ ഉപയോഗിച്ച മുറ സ്ത്രീയെന്ന നിലയില്‍ പുറത്തു പറയാന്‍ വിഷമമാണ്. രഹസ്യഭാഗത്ത് കമ്പിയും മറ്റും കുത്തിക്കയറ്റിയായിരുന്നു ഉപദ്രവം. വേദനകൊണ്ട് പിടഞ്ഞപ്പോഴും ക്രൂരത തുടര്‍ന്നു ബെന്നിക്‌സിന്റെ സഹോദരി പെര്‍സിസ് പറഞ്ഞു. 

സംഭവത്തില്‍ സാത്താങ്കുളം സ്റ്റേഷനിലെ രണ്ട് ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഏതാനും പോലീസുകാരെ സ്ഥലം മാറ്റി. അന്വേഷണം തുടരുകയാണെന്ന് തൂത്തുക്കുടി കളക്ടര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.

കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഇരുവരും ക്രൂര മര്‍ദ്ദനത്തിന് ഇരയായി. മലദ്വാരത്തിലേക്ക് പോലീസ് ഇരുമ്പ് കമ്പി കയറ്റിയതായും ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലുണ്ട്.

#JusticeForJeyarajAndFenix എന്ന ഹാഷ്ടാഗിലാണ് കസ്റ്റഡി മരണത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നത്. വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും കുറ്റവാളികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി വ്യാപാരികള്‍ കടകളടച്ചിട്ടു.  

സംഭവത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതിയും രംഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് നേരെയുള്ള പോലീസിന്റെ അതിക്രമം കൊവിഡിനേക്കാള്‍ മോശമായ മഹാമാരിയാണെന്ന് മദ്രാസ് ഹൈക്കോടതി മധുരബെഞ്ച് നിരീക്ഷിച്ചു. കസ്റ്റഡി മരണത്തില്‍ കോടതി സ്വമേധയാ കേസെടുത്തു.  

Tags: