രാജ്യത്ത് ആശങ്കയായി രോഗവ്യാപനം; 24 മണിക്കൂറിനിടെ 19,906 പുതിയ രോഗികള്‍

Glint desk
Sun, 28-06-2020 12:08:35 PM ;

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 19,906 പേര്‍ക്ക്. 410 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതാദ്യമായാണ് 19,000ത്തില്‍ അധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 5,28,859 ആയി. ഇതില്‍ 2,03,051 സജീവ കേസുകളാണുള്ളത്. 3,09,713 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 16,095 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 

ജൂണ്‍ 27 വരെ രാജ്യത്ത് 82,27,802 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. 2,31,095 സാമ്പിളുകള്‍ ഞായറാഴ്ചയാണ് പരിശോധിച്ചത്. 

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,59,133 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 1,400 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ മാത്രം 74,252 രോഗബാധിതരാണുള്ളത്. 

ഡല്‍ഹിയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിറകിലുള്ളത്. 80,000ത്തില്‍ അധികം പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2,558 പേര്‍ക്കാണ് കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 

Tags: