ചൈനയില്‍ പുതിയതരം വൈറസിനെ കണ്ടെത്തിയതായി ഗവേഷകര്‍

Glint desk
Tue, 30-06-2020 11:39:07 AM ;

ലോകം കൊറോണവൈറസ് എന്ന മഹമാരിയെ നേരിടുന്നതിനിടെ ചൈനയില്‍ പുതിയൊരു വൈറസിനെ ഗവേഷകര്‍ കണ്ടെത്തി. പടര്‍ന്ന് പിടിക്കാന്‍ ശേഷിയുള്ളതും മഹാമാരിയായി മാറാന്‍ സാധ്യതയുള്ളതുമായ വൈറസാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. പന്നികളിലാണ് പുതിയ ഫ്‌ളൂ വൈറസിന്റെ വകഭേദം കണ്ടെത്തിയിരിക്കുന്നത്. പന്നിപ്പനിയുടെ വര്‍ഗത്തില്‍പ്പെട്ട വൈറസിനെയാണ് പുതിയതായി തിരിച്ചറിഞ്ഞത്. 

നിലവില്‍ ഭയക്കേണ്ടതില്ലെന്നും മനുഷ്യരെ ബാധിക്കുന്ന തരത്തില്‍ അതിന് വ്യതിയാനം സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരന്തര നിരീക്ഷണം ആവശ്യമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ബ്രിട്ടനില്‍ നോട്ടിങാം സര്‍വകലാശാലയിലെ പ്രൊഫസര്‍ കിന്‍-ചൗ ചാങിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

G4 E4 H1N1 എന്ന് ഗവേഷകര്‍ വിളിക്കുന്ന പുതിയ വൈറസ് വകഭേദത്തിന് വ്യതിയാനം സംഭവിച്ച് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരാന്‍ ശേഷി ലഭിച്ചാല്‍ ആഗോളതലത്തില്‍ തന്നെ അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന് യു.എസ് ഗവേഷണ ജേണലായ പ്രൊസീഡിങ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍(PNAS) പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടകരമായ ജനിതക ഘടനയാണണ് വൈറസിന്റേതെന്നും ഗവേഷകര്‍ പറയുന്നു. പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളുമായി ബന്ധപ്പെട്ട വ്യവസായത്തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടി കൈക്കൊള്ളണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. 

Tags: