ഉടമ മരിച്ചു, നായ കെട്ടിടത്തില്‍ നിന്ന് ചാടി ചത്തു

Glint desk
Fri, 03-07-2020 05:41:42 PM ;

ഉടമ മരിച്ചതിന് പിന്നാലെ കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തുചാടി വളര്‍ത്തു നായ. കാണ്‍പൂരിലെ ബാര 2 ഏരിയയില്‍ താമസിക്കുന്ന ഡോ. അനിതരാജ് സിങ് വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച മരിച്ചു. മൃതദേഹം അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചതിന് തൊട്ടുപിന്നാലെ ഇവരുടെ വളര്‍ത്ത നായ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ചത്തതായി ഇന്ത്യ ടുഡെ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 

12 വര്‍ഷം മുമ്പ് തെരുവില്‍ നിന്നാണ് നായ്ക്കുട്ടിയെ ഡോ.അനിത രാജ് ഏറ്റെടുക്കുന്നത്. പുഴുവരിച്ച നിലയിലായിരുന്നു അന്ന് നായ ഉണ്ടായിരുന്നത്. ഏറെ ശ്രമപ്പെട്ടാണ് ചികില്‍സയും പരിചരണങ്ങളും നല്‍കി നായ്ക്കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ജയ എന്നാണ് നായ്ക്കുട്ടിക്ക് ഡോക്ടര്‍ നല്‍കിയ പേര്. 

ഡോക്ടറിന്റെ മൃതദേഹം വീട്ടിലെത്തിച്ചതോടെ ജയ അസ്വസ്ഥയാവുകയും തുടര്‍ച്ചയായി കുരയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറി താഴേക്ക് എടുത്ത് ചാടുകയായിരുന്നു എന്ന് ഡോക്ടറിന്റെ മകന്‍ തേജസ് പറഞ്ഞു. അനിത ആശുപത്രിയില്‍ ആയത് മൂലം ശരിയായി ഭക്ഷണം കഴിക്കാതെ നായ ക്ഷീണിതയായിരുന്നെന്നും തേജസ് പറയുന്നു.

നാല് നില കെട്ടിടത്തിന് മുകളില്‍ നിന്നാണ് നായ എടുത്തുചാടിയത്. മൃഗഡോക്ടറുടെ അടുത്ത് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയില്‍ നായയുടെ നട്ടെല്ല് തകര്‍ന്നതാണ് മരണത്തിന് ഇടയാക്കിയത്. ഡോ.അനിതയുടെ ശവ സംസ്‌കാരത്തിന് പിന്നാലെ വളര്‍ത്തു നായയുടെ മൃതദേഹവും വീടിനടുത്ത് സംസ്‌കരിച്ചു.

Tags: