വികാസ് ദുബെയെ വെടിവെച്ച് കൊന്നു; കൊല്ലപ്പെട്ടത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

Glint desk
Fri, 10-07-2020 05:33:39 PM ;

ഉത്തര്‍പ്രദേശില്‍ 8 പോലീസുകാരെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതി വികാസ് ദുബെ കാണ്‍പൂരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വികാസ് മരിച്ചതായി ഉത്തര്‍പ്രദേശ് പോലീസ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെച്ച് വ്യാഴാഴ്ചയാണ് വികാസ് അറസ്റ്റിലായത്. 

അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാളെയും കൊണ്ട് ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച വാഹനം കാണ്‍പൂരില്‍ വെച്ച് മറിഞ്ഞു. കാര്‍ മറിഞ്ഞതിന് പിന്നാലെ തോക്ക് തട്ടിയെടുത്ത് വികാസ് രക്ഷപ്പെടന്‍ ശ്രമിക്കുകയും പോലീസിന് നേരെ വെടിവെക്കുകയും ചെയ്തു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പില്‍ വികാസിന് പരിക്കേറ്റതായും ഉടനെ ആശുപത്രിയില്‍ എത്തിച്ചതായും കാണ്‍പൂര്‍ വെസ്റ്റ് എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

ഉജ്ജയിനിയിലെ ക്ഷേത്ര പരിസരത്ത് വെച്ചാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഇയാള്‍ പിടിയിലായത്. ക്ഷേത്രത്തിലെത്തിയ ഇയാള്‍ പൂജയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ അടുത്തുള്ള കടയിലെത്തിയപ്പോള്‍ കടക്കാരന്‍ ഇയാളെ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ വിവരം സമീപത്തെ പോലീസ് കോണ്‍സ്റ്റബിളിനെ അറിയിക്കുകയായിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴാണ് പോലീസെത്തി ദുബേയെ കീഴടക്കിയത്.

Tags: