കോടതിയില്‍ 'മൈ ലോര്‍ഡ്' വിളി വേണ്ട 'സര്‍' മതി; കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Glint desk
Fri, 17-07-2020 11:45:44 AM ;

കോടതിയില്‍ മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് എന്നീ വാക്കുകള്‍ക്ക് പകരം സര്‍ എന്ന് ഉപയോഗിച്ചാല്‍ മതിയെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ചീഫ് ജസ്റ്റിസ് ടി.ബി.എന്‍ രാധാകൃഷ്ണന്റെയാണ് നിര്‍ദേശം. കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴിലുള്ള കോടതികള്‍ക്ക് ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് കത്ത് അയച്ചതായാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴില്‍ വരുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഈ നിര്‍ദേശം ബാധകമാണ്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച കത്ത് ഹൈക്കോടരി രജിസ്ട്രാര്‍ ജനറല്‍ റായി ചാട്ടോബാധ്യായ പുറത്ത് വിട്ടത്. ജില്ലാ കോടതികളിലും ഹൈക്കോടതി രജിസ്ട്രികളിലും ഇനി മുതല്‍ മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് എന്നതിന് പകരമായി സര്‍ എന്ന് ഉപയോഗിച്ചാല്‍ മതിയെന്നാണ് ചീഫ് ജസ്റ്റിസ് ടി.ബി.എന്‍ രാധാകൃഷണന്റെ കത്ത് വ്യക്തമാക്കുന്നത്.

ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അടുത്തിടെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയ ജസ്റ്റിസ് എസ് മുരളീധര്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്യുമ്പോള്‍ മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അഭിഭാഷകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ബ്രിട്ടീഷ് രാജ് കാലഘട്ടം മുതല്‍ തുടര്‍ന്നു വരുന്ന ഇത്തരം കീഴ്‌വഴക്കങ്ങള്‍ക്കെതിരെ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Tags: