രാജസ്ഥാനില്‍ അടുത്ത ആഴ്ച വിശ്വാസ വോട്ടെടുപ്പിന് സാധ്യത

Glint desk
Sun, 19-07-2020 11:56:43 AM ;

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ രാജസ്ഥാനില്‍ അടുത്ത ആഴ്ച ഗെഹ്‌ലോത്ത് സര്‍ക്കാര്‍ നിയമസഭ വിളിച്ചുകൂട്ടി വിശ്വാസം തെളിയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച അശോക് ഗെഹ്ലോത് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ കണ്ടിരുന്നു. അടുത്ത ആഴ്ച നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ഗവര്‍ണറെ അറിയിച്ചതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

കോണ്‍ഗ്രസ് രണ്ട് തവണ നിയമസഭാ കക്ഷി യോഗം വിളിച്ചെങ്കിലും സച്ചിന്‍ പൈലറ്റും അനുഭാവികളും പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് സ്പീക്കര്‍ അയോഗ്യത മുന്നറിയിപ്പ് നല്‍കികൊണ്ട് നോട്ടീസ് അയച്ചത്. ഇതു സംബന്ധിച്ച ഹര്‍ജി പരിഗണനയിലുള്ളതിനാല്‍ ചൊവ്വാഴ്ച വരെ നോട്ടീസില്‍ തീരുമാനമെടുക്കരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

30 എം.എല്‍.എമാര്‍ തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന സച്ചിന്‍ പൈലറ്റ് വിഭാഗത്തിനൊപ്പം ഇപ്പോള്‍ 19 എം.എല്‍.എമാരാണുള്ളത്. സച്ചിന്‍ വിഭാഗം പരിയാനയിലെ മനേസറിലുള്ള റിസോര്‍ട്ടിലായിരുന്നു എങ്കിലും പിന്നീട് ഇവിടെ നിന്ന് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. 109 എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെന്നാണ് ഗെഹ്ലോത് അവകാശപ്പെടുന്നത്. ജയ്പൂരിലെ ഹോട്ടലിലാണ് ഗെഹ്ലോത് പക്ഷക്കാരായ എം.എല്‍.എമാരെ താമസിപ്പിച്ചിട്ടുള്ളത്.

Tags: