കേന്ദ്രം നിയമം ലംഘിച്ചു; ജി.എസ്.ടി നഷ്ടപരിഹാരത്തുക വകമാറ്റിയെന്ന് സി.എ.ജി

Glint desk
Fri, 25-09-2020 12:48:23 PM ;

കേന്ദ്ര സര്‍ക്കാര്‍ ചരക്ക് സേവന നികുതി(ജി.എസ്.ടി) നിയമം ലംഘിച്ചതായി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള ഫണ്ട് ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സി.എഫ്.ഐയില്‍ (കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍) 47,272 കോടി രൂപ നിലനിര്‍ത്തുകയും 2017-18, 2018-19 സാമ്പത്തികവര്‍ഷങ്ങളില്‍ ഈ തുക മറ്റ് ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയെന്നുമാണ് സിഎജി പറയുന്നത്. കൂടുതല്‍ വരുമാനം കണക്കാക്കുന്നതിനും ഈ വര്‍ഷത്തെ ധനക്കമ്മികുറയ്ക്കുന്നതിനുമാണ് സര്‍ക്കാര്‍ ഇത് ചെയ്തതെന്നാണ് കണ്ടെത്തല്‍. 2017-ലെ ജി.എസ്.ടി. നഷ്ടപരിഹാര സെസ് നിയമത്തിന്റെ ലംഘനമാണിതെന്ന് സി.എ.ജിയുടെ റിപ്പോര്‍ട്ടിലുണ്ട്.

സ്റ്റേറ്റ്‌മെന്റ് 8, 9, 13 എന്നിവയിലെ സെസ് കളക്ഷനും അത് ജി എസ് ടി കോംപന്‍സേഷന്‍ സെസ് ഫണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തതും സംബന്ധിച്ച വിവരങ്ങളുടെ ഓഡിറ്റ് പരിശോധനയിലാണ് നഷ്ടപരിഹാരത്തിനുള്ള ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായി കണ്ടെത്തിയത്. ജിഎസ്ടി കോംപന്‍സേഷന്‍ സെസ്സിന്റെ അക്കൗണ്ടിങ് നടപടിക്രമങ്ങളിലും ലംഘനമുണ്ടായതായി സിഎജി പറയുന്നു.

ജിഎസ് ടി നഷ്ടപരിഹാരത്തെ ധനസഹായം (ഗ്രാന്റ്) ആയാണ് കേന്ദ്രസര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ സംസ്ഥാനങ്ങളുടെ അവകാശമാണ്, ഗ്രാന്റല്ല. ഇക്കാര്യങ്ങള്‍ തിരുത്താന്‍ ധന മന്ത്രാലയം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

Tags: