എസ്.പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചു

Glint desk
Fri, 25-09-2020 01:41:03 PM ;

ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യം(74) അന്തരിച്ചു.  ചെന്നൈ അരുമ്പാക്കം നെല്‍സണ്‍മാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.

ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് എസ്.പി.ബി. തെന്നിന്ത്യന്‍ ഭാഷകള്‍, ഹിന്ദി എന്നിവ ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ 40000ത്തിലധികം പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. 

1946 ജൂണ്‍ 4ന് തെലുങ്ക് ബ്രാഹ്‌മണ കുടുംബത്തില്‍ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലോരിലാണ് ജനനം. 1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1980ല്‍ കെ വിശ്വനാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ശങ്കരാഭരണത്തിലൂടെയാണ് എസ് പി ബിയുടെ ശബ്ദം രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. 

ഭാര്യ സാവിത്രി. മകന്‍ എസ് പി ബി ചരണ്‍ പ്രശസ്ത ഗായകനാണ്. പല്ലവി എന്നൊരു മകളുമുണ്ട്.

Tags: