ബാബ്‌റി മസ്ജിദ് കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ടു

Glint desk
Wed, 30-09-2020 12:34:48 PM ;

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടത്. ലക്നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും പ്രതികള്‍ക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബാബറി മസ്ജിദ് തകര്‍ത്ത് 27 വര്‍ഷവും ഒന്‍പത് മാസവും 24 ദിവസവും പിന്നിട്ട ശേഷമാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിര്‍ന്ന നേതാക്കള്‍ അടക്കമാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. കുറ്റപത്രത്തില്‍ ആകെ 49 പ്രതികളാണുള്ളത്. ഇതില്‍ 17 പേര്‍ മരിച്ചു. വിചാരണ നേരിട്ടത് ബാക്കി 32 പ്രതികളാണ്. എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിംഗ്, വിനയ് കത്യാര്‍ തുടങ്ങിയവരാണ് വിചാരണ നേരിട്ട പ്രമുഖര്‍. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചു.

32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ ഹാജരായത്. എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പങ്കെടുത്തത്. വിധി പ്രസ്താവിക്കുന്നതിനെ തുടര്‍ന്ന് കോടതി പരിസരത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. കേസില്‍ ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് വിധി പറഞ്ഞത്.

Tags: