രാഹുലും പ്രിയങ്കയും കസ്റ്റഡിയില്‍; നടപടി ഹത്‌റാസിലേക്കുള്ള കാല്‍നടയാത്രക്കിടെ

Glint desk
Thu, 01-10-2020 03:29:27 PM ;

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കരുതല്‍ കസ്റ്റഡിയിലെടുത്ത് യു.പി പോലീസ്. ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഞ്ചരിച്ച വാഹനത്തെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കാല്‍നടയായി ഹത്‌റാസിലേക്ക് പോയിക്കൊണ്ടിരിക്കവേയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.

ഡല്‍ഹിയിലെ ഡി.എന്‍.ഡി ഫ്‌ളൈ ഓവറില്‍ നിന്ന് യമുന എക്‌സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴാണ് ഇരുവരുടെയും വാഹനം യു.പി പോലീസ് തടഞ്ഞത്. തുടര്‍ന്ന് രാഹുലും പ്രിയങ്കയും വാഹനത്തില്‍ നിന്നിറങ്ങി നടക്കാന്‍ തുടങ്ങിയതോടെ പോലീസ് എത്തി ഇവരെ വീണ്ടും തടഞ്ഞു. പോലീസിനെ എതിരിടാന്‍ തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. 

പെണ്‍ക്കുട്ടിയുടെ വീട്ടിലേക്ക് എത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും പോലീസ് നേരത്തെ തടഞ്ഞിരുന്നു. പെണ്‍ക്കുട്ടിയുടെ വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ റോഡുകളും അടക്കുകയും ചെയ്തിരുന്നു.
 

 

Tags: