ചിന്നമ്മയെ വരവേല്‍ക്കാനൊരുങ്ങി തമിഴകം; തമിഴ്‌നാട് രാഷ്ട്രീയം സജീവമാകുന്നു

Glint desk
Mon, 08-02-2021 11:04:16 AM ;

നാല് വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി വി.കെ ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തുന്നു. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയം സജീവമാകുകയാണ്. കര്‍ണാടക അതിര്‍ത്തിമുതല്‍ ആറ് ജില്ലകളില്‍ ഒരുക്കുന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തുന്നത്. അണ്ണാ ഡി.എം.കെയുടെ കൊടിവെച്ച ജയലളിത ഉപയോഗിച്ചിരുന്ന കാറിലാണ് ശശികല തമിഴ്‌നാട്ടിലേക്ക് യാത്ര തിരിച്ചത്. ജയലളിതയുടെ മരണത്തിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല ജയിലിലായത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇനിയെന്തൊക്കെ സംഭവിക്കുമെന്ന ആകാംക്ഷയാണ് ബാക്കിയാകുന്നത്. 

തമിഴ്‌നാട്ടില്‍ ശശികലയുടെ തിരിച്ചു വരവിന് കളമൊരുങ്ങിയതോടെ അണ്ണാ ഡി.എം.കെയില്‍ ഭിന്നത രൂക്ഷമാവുകയാണ്. ശശികലയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് മുന്‍ മന്ത്രി അടക്കം ഒ.പി.എസ് പക്ഷത്തെ മൂന്ന് എം.എല്‍.എമാര്‍ രംഗത്തെത്തി. ശശികലയുടെ വരവോടെ അണ്ണാ ഡി.എം.കെയില്‍ ഉടലെടുക്കുന്ന അസ്വാസ്ഥ്യങ്ങള്‍ വരും ദിവസങ്ങളില്‍ തമിഴക രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിക്കും.

Tags: