തമിഴ് ജനതയുടെ ത്യാഗ തലൈവിയായി ശശികലയുടെ രാഷ്ട്രീയ പ്രവേശനം

Glint desk
Tue, 09-02-2021 06:23:50 PM ;

എല്ലാ അര്‍ത്ഥത്തിലും ജയലളിതയുടെ ഓര്‍മ്മകളെ അനുസ്മരിപ്പിച്ചു കൊണ്ട് ജയലളിതയുടെ തോഴിയായിരുന്ന ശശികല ബാംഗ്ലൂരിലെ ജയിലില്‍ നിന്നിറങ്ങി തമിഴകത്തെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്, ത്യാഗ തലൈവിയായി ചിന്നമ്മയായി. ജയലളിതയുടെ മരണത്തിന് ശേഷം തമിഴകം കണ്ട ഏറ്റവും വലിയ വരവേല്‍പ്പാണ് ശശികലയ്ക്ക് ലഭിച്ചത്. എത്ര പഠിച്ചാലും പിടികിട്ടാത്ത തമിഴ് ജനതയുടെ മനശാസ്ത്രത്തേയാണ് ഈ സ്വീകരണവും ആവേശവും സൂചിപ്പിക്കുന്നത്. തമിഴ് ജനതയുടെ ഒരു പൊതുസ്വഭാവം എന്ന് പറയുന്നത് അവര്‍ക്ക് നാട്യങ്ങള്‍ കുറവാണ്. എല്ലാവരും അഴിമതി നടത്തുന്നു. ജയലളിതയും അഴിമതി നടത്തുന്നു ശശികലയും അഴിമതി നടത്തുന്നു. അഴിമതി നടത്താത്ത രാഷ്ട്രീയക്കാരില്ല എന്ന തികഞ്ഞ ഒരു ബോധ്യം തമിഴ് ജനതയ്ക്കിടയിലുണ്ട്. അഴിമതിക്കാരുടെ ഇടയില്‍ ആരാണ് തങ്ങളെ കൂടുതല്‍ വൈകാരികമായി സന്തോഷിപ്പിക്കുന്നത് എന്ന് നോക്കിയായിരിക്കണം തമിഴ് ജനത ഒരുപക്ഷെ ഇത്തരത്തില്‍ ആവേശം കാണിക്കുന്നത്. 

മറ്റുളള രാഷ്ട്രീയനേതാക്കളുടെ അഴിമതി ഒരു പരിധി വരെ മൂടപ്പെട്ട് വെക്കുമ്പോഴും ജയലളിതയും ശശികലയും അഴിമതി നഗ്നമായി നടത്തുകയായിരുന്നു. അത് റിയല്‍ എസ്റ്റേറ്റ് രംഗത്ത് ആണെങ്കിലും മറ്റു പദ്ധതികളുടെ അഴിമതി പണം കൈക്കലാക്കുന്നതില്‍ ആണെങ്കിലും. ശശികല ജയിലില്‍ നിന്നിറങ്ങുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ അവരുടെ 100 കോടി സ്വത്ത് സംസ്ഥാന സര്‍ക്കാര്‍ കണ്ടുകെട്ടുകയുണ്ടായി. ഒ.എസ് ഗാര്‍ഡനില്‍ ജയലളിതയുടെ വീടിന് സമീപം ശശികല കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന വീട് ആദായ നികുതി വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ കണ്ടുകെട്ടി. എന്നിട്ടും എന്തുകൊണ്ട് ശശികലയ്ക്ക് ഇതുപോലെ ആവേശപൂര്‍ണ്ണമായ സ്വീകരണം ലഭിച്ചു എന്നുള്ളതിന്റെ ഉത്തരം തമിഴ് ജനതയുടെ സമീപനമാണ്. 

ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്ന എടപ്പാടി പളനിസ്വാമിയും പനീര്‍ സെല്‍വവുമെല്ലാം ശശികല ജയിലില്‍ ആവുന്നത് വരെ ശശികലയുടെ ആജ്ഞാനുവര്‍ത്തികര്‍ ആയിരുന്ന വ്യക്തികളാണ്. ശശികലയുടെ പ്രീതിക്ക് പാത്രമായതിനെ തുടര്‍ന്ന് ടിക്കറ്റ് നേടി ജയിച്ചിട്ടുള്ളവരാണ് ഇപ്പോള്‍ തിഴ്‌നാട് നിയമസഭയിലെ എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരില്‍ ഭൂരിഭാഗവും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ശശികലയ്‌ക്കെതിരെ മുഖ്യമായി രംഗത്തെത്തിയിരിക്കുന്നത്. ശശികല നല്‍കിയ അവസരത്തിലൂടെ അധികാരത്തില്‍ എത്തിയിട്ട് ഏത് ധാര്‍മ്മികതയുടെ പേരിലാണ് ഇവര്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നത് എന്ന തമിഴ് ജനതയുടെ ഒറ്റ ചോദ്യത്തിന്റെ ഉത്തരത്തരമായിരിക്കാം ശശികലയ്ക്ക് ഇത്ര ആവേശപൂര്‍വം സ്വീകരണം കൊടുത്തത്. 

സിനിമയും രാഷ്ട്രീയവും ജീവിതവും തമ്മില്‍ വേര്‍തിരിക്കാതെ കടന്നു പോവുന്ന ഒരു ജനതയാണ് തമിഴ്‌നാട്ടിലേത്. ശശികല വരുമ്പോള്‍ അവര്‍ ആരാധനാ ഭാവത്തോടു കൂടി ശശികലയില്‍ അമ്മയെ കാണുകയും അമ്മയോടുള്ള കൂറ് ശശികലയോടും പ്രഖ്യാപിക്കുകയുമാണ്. ഇതു തന്നെയാണ് ജയലളിതയും ചെയ്തത്. ജയലളിത എം.ജി.ആറിന്റെ സ്മരണയെ ജനങ്ങളില്‍ ഉണര്‍ത്തിക്കൊണ്ടും ഉപയോഗിച്ചുകൊണ്ടുമാണ് അവസാന നിമിഷം വരെ രാഷ്ട്രീയത്തില്‍ നിന്നത്. അതേ തുടര്‍ച്ചയാണ് ഇപ്പോള്‍ ശശികലയും ചെയ്യുന്നത്. തമിഴ്ജനതയ്ക്ക് ഒരാളെ ഇഷ്ടപ്പെട്ടാല്‍ അവരുടെ ന്യായ അന്യായങ്ങള്‍ അവര്‍ക്ക് ഒരു പ്രശ്‌നമമല്ല. അവരെ ദൈവത്തെപ്പോലെ ആരാധിക്കും. അതിന്റെ പ്രതിഫലനമാണ് നടി ഖുശ്ബുവിന്റെ പേരില്‍ ക്ഷേത്രം സ്ഥാപിച്ച് ആരാധിച്ചത്. അതേ മനഃശാസ്ത്രം തന്നെയാണ് എം.ജി.ആറിലൂടെ ജയലളിതയിലെത്തി അവിടെ നിന്ന് ശശികലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ആരാധന. ഇതിലൂടെ തന്നെയാണ് ഇപ്പോള്‍ ശശികലയ്ക്കും തമിഴ് രാഷ്ട്രീയത്തില്‍ ഇടം ലഭിക്കുന്നത്. ശശികല അഴിമതി കേസില്‍ ജയിലില്‍ കിടന്നതിനെ തമിഴ്ജനയ്ക്ക് വേണ്ടിയുള്ള ത്യാഗമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ അണികള്‍ അവരെ ത്യാഗ തലൈവി എന്ന് വിളിക്കുന്നത് സ്വാഭാവികം.

Tags: