ഇനിയും മരിച്ചിട്ടില്ലാത്ത സാമൂഹികബോധത്തിന്റെ തെളിവായി പാട്‌ന പോക്‌സോ കോടതിയുടെ വിധി

Glint desk
Wed, 17-02-2021 06:19:30 PM ;

പാട്‌നയിലെ പ്രത്യേക പോക്‌സോ കോടതിയുടെ വിധി വളരെ മാതൃകാപരമാണ് എന്ന് കാണേണ്ടിയിരിക്കുന്നു. 15 വയസ്സായ ഒരു പെണ്‍ക്കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പ്രിന്‍സിപ്പാളിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ളതാണ് പാട്‌നയിലെ പ്രത്യേക പോക്‌സോ കോടതി വിധി. മുപ്പത്തിയൊന്നുകാരനായ അരവിന്ദ് കുമാര്‍ എന്ന പ്രിന്‍സിപ്പലിനെ വധശിക്ഷയ്ക്കും അയാള്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത 29കാരനായ അഭിഷേക് കുമാര്‍ എന്ന അധ്യാപകന് ജീവപര്യന്തവുമാണ് പാട്‌ന കോടതി വിധിച്ചിരിക്കുന്നത്. വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും ഈ പ്രതി അര്‍ഹിക്കുന്നില്ല എന്നാണ് കോടതി എടുത്തു പറഞ്ഞത്. 

പെണ്‍ക്കുട്ടിക്ക് ശര്‍ദി ഉണ്ടായതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ഡോക്ടറെ കാണിക്കുന്നത്. തുടര്‍ന്നുണ്ടായ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണി ആണെന്ന് അറിയുന്നത്. ഇതിന് ശേഷമാണ് നോട്ട് ബുക്ക് പരിശോധിക്കാനെന്ന വ്യാജേന തന്നെ പ്രിന്‍സിപ്പല്‍ മുറിയിലേക്ക് വിളിച്ചു വരുത്താറുണ്ടായിരുന്നു എന്നുള്ള വിവരങ്ങളൊക്കെ പുറത്തു വന്നത്. കോടതിയുടെ അനുമതിയോടെ കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. 

ബിഹാര്‍ സംസ്ഥാനത്ത് നിന്ന് ഇത്തരത്തിലൊരു വിധി ഉണ്ടായി എന്നുള്ളത് ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തിന്റെയും ഇനിയും മരിച്ചിട്ടില്ലാത്ത സാമൂഹികബോധത്തിന്റെയും ഉദാത്തമായ തെളിവായി മാത്രമെ കാണാന്‍ കഴിയൂ.

Tags: