ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌ക്കാരം രജനീകാന്തിന്

Glint desk
Thu, 01-04-2021 11:51:51 AM ;

ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കേ അവാര്‍ഡിന് നടന്‍ രജനികാന്തിനെ തിരഞ്ഞെടുത്തു. വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. അന്‍പത് വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് രജനികാന്തിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍, ആശാ ബോസ്ലേ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് രജനികാന്തിനെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിന് മുന്‍പേ രജനിക്ക് പുരസ്‌കാരം പ്രഖ്യാപുള്ള വാര്‍ത്ത വന്നതോടെ  നിരാശരായ രജനി ആരാധകരും ഉണര്‍ന്നേക്കുമെന്ന നിരീക്ഷണവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

കര്‍ണാടക - തമിഴ്‌നാട് അതിര്‍ത്തിയായ നാച്ചിക്കുപ്പത്തേക്ക് കുടിയേറിയ ഒരു മറാത്തി കുടുംബത്തിലാണ് 1950 ഡിസംബര്‍ 12ന് രജനികാന്ത് ജനിക്കുന്നത്. ശിവജിറാവു ഗെയ്ക്ക് വാദ് എന്നാണ് രജനിയുടെ ശരിയായ പേര്. പിന്‍ക്കാലത്ത് ബ്ലാംഗൂരിലേക്ക് രജനിയുടെ കുടുംബം താമസം മാറിയതോടെ പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം അവിടെയായിരുന്നു. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി നോക്കിയ അദ്ദേഹം അഭിനയമോഹം കാരണം ആ ജോലി പിന്നീട് ഉപേക്ഷിച്ച് മദ്രാസിലേക്ക് പോയി. ഏറെ നാള്‍ കഷ്ടപ്പെട്ട ശേഷം 1975-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ രംഗത്തേക്ക് പ്രവേശിച്ചു.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ അനുസ്മരണാര്‍ത്ഥമാണ് ഈ പുരസ്‌കാരം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്‍കപ്പെടുന്ന ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് 1969- മുതല്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കുന്നത്.

 

Tags: