ഉദയനിധി സ്റ്റാലിനെതിരെ പരാതിയുമായി ബി.ജെ.പി അതിക്രമിച്ച് കയറി ഇഷ്ടിക മോഷ്ടിച്ചു

Glint desk
Sat, 27-03-2021 12:19:22 PM ;

തമിഴ് നടനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് പരാതി നല്‍കി ബി.ജെ.പി. ബി.ജെ.പിയുടെ വികസന നയത്തെ പരിഹസിക്കാനായി എയിംസ് ക്യാംപസില്‍ നിന്ന് എടുത്തുകൊണ്ടു വന്നതാണെന്ന അവകാശവാദത്തോടെ പ്രചാരണ പരിപാടിയില്‍ ഉദയനിധി സ്റ്റാലിന്‍ ഒരു ഇഷ്ടിക പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണ സ്ഥലത്തുനിന്നും ഇഷ്ടിക മോഷ്ടിച്ചെന്നാരോപിച്ച് ഉദയനിധി സ്റ്റാലിനെതിരെ ബി.ജെ.പി പ്രവര്‍ത്തകന്‍ പോലീസില്‍ പരാതി നല്‍കിയത്. 

തൂത്തുക്കുടിയിലെ വിലാത്തികുളത്ത് വ്യാഴാഴ്ച നടന്ന പൊതുയോഗത്തിലാണ് എയിംസ് ക്യാംപസില്‍ നിന്ന് എടുത്തുകൊണ്ട് വന്നതാണെന്ന അവകാശവാദത്തോടെ ഉദയനിധി സ്റ്റാലിന്‍ ഇഷ്ടിക പ്രദര്‍ശിപ്പിച്ചത്. ക്യാംപസ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ ഭരണകക്ഷിക്കെതിരായ ഉദയനിധി സ്റ്റാലിന്റെ വിമര്‍ശനം ഇഷ്ടിക ഉയര്‍ത്തിക്കാട്ടുന്ന ചിത്രത്തിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു. ഉദയനിധിയുടെ വിമര്‍ശനം ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി. ഇതോടെയാണ് ബി.ജെ.പി പ്രവര്‍ത്തകനായ നീധിപാണ്ഡ്യന്‍ മോഷണക്കുറ്റം ആരോപിച്ച് ഉദയനിധി സ്റ്റാലിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി 2019 ജനുവരി 27-നാണ് മധുരയിലെ തോപ്പുരില്‍ എയിംസ് ആശുപത്രിക്ക് ശിലാസ്ഥാപനം നടത്തിയത്. സമയബന്ധിതമായി ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവാത്തത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Tags: