ജാഗ്രത; രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം, ആദ്യമായി ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കണക്ക്

Glint desk
Mon, 05-04-2021 10:35:12 AM ;

കൊവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട അവസ്ഥയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടു. തുടര്‍ച്ചയായ 26-ാം ദിവസമാണ് രാജ്യത്ത് കൊവര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഡ് കേസുകളില്‍ 1,03,558 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് രൂക്ഷമായ കഴിഞ്ഞ സെപ്റ്റംബറില്‍പ്പോലും പ്രതിദിന വര്‍ദ്ധന ഒരു ലക്ഷം കടന്നിരുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കണക്ക് ഇനിയും കൂടാനുള്ള സാധ്യതയാണ് കാണുന്നത്. സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 

മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ്, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ആശങ്കയുണര്‍ത്തുന്ന തരത്തില്‍ കേസുകള്‍ വര്‍ധിക്കുന്നത്. രാജ്യത്തെ ആകെ കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസുകളുള്ള പത്ത് ജില്ലകളില്‍ എട്ടെണ്ണവും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും അടക്കമുള്ളവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് വാരാന്ത്യ ലോക്ക്ഡൗണ്‍. നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും..

Tags: