ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് 551 പ്ലാന്റുകള്‍ സ്ഥാപിക്കും; പി.എം കെയര്‍ ഫണ്ട് അനുവദിച്ചു

Glint desk
Sun, 25-04-2021 06:24:10 PM ;

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യത്തെ ആശുപത്രികള്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെ ആശ്വാസകരമായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി. രാജ്യത്തെ ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ 551 പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പി.എം കെയര്‍ ഫണ്ടില്‍ നിന്ന് പണം അനുവദിച്ചു. പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.

ഡല്‍ഹിയിലെ മിക്ക ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. ഡല്‍ഹിയിലെ ആശുപത്രിയില്‍ 25 രോഗികളാണ് ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചത്. ഓക്‌സിജന്‍ ഭൗര്‍ലഭ്യം രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 

പൊതുജനാരോഗ്യ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താനും ആശുപത്രികളില്‍ ഓക്‌സിജന്‍ ഉത്പാദന സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാനാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ഈ വര്‍ഷമാദ്യം 162 പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി പിഎം കെയര്‍ ഫണ്ടില്‍ നിന്നും 201.58 കോടി രൂപ വകയിരുത്തിയിരുന്നു.

Tags: