ഇനി ഡല്‍ഹിയുടെ സര്‍വ്വാധികാരി ലഫ്റ്റനന്റ് ഗവര്‍ണര്‍; പ്രതിഷേധങ്ങള്‍ക്കിടെ ഭേദഗതി പ്രാബല്യത്തില്‍

Glint desk
Thu, 29-04-2021 11:35:31 AM ;

ഡല്‍ഹി ഭരണകൂടത്തില്‍ കൂടുതല്‍ അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ഗവണ്‍മെന്റ് ഓഫ് നാഷനല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി(ഭേദഗതി) ആക്ട് 2021 നിലവില്‍ വന്നു. ലഫ്റ്റനന്റ് ഗവര്‍ണറിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ കേന്ദ്രം ഇടപെടുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഭേദഗതി പ്രാബല്യത്തില്‍ വന്നത്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം വിപുലപ്പെടുത്തുന്നതാണ് ഭേദഗതി. ചൊവ്വാഴ്ച മുതലാണ് ഭേദഗതി പ്രാബല്യത്തില്‍ വന്നത്. ഡല്‍ഹി സര്‍ക്കാരിന്റേയും അസംബ്ലിയുടേയും എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്നതാണ് ഭേദഗതി. 

ഭേദഗതി അനുസരിച്ച് ദില്ലി സര്‍ക്കാര്‍ ഏത് തീരുമാനം എടുക്കുന്നതിന് മുന്‍പും ലെഫ്റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം നിര്‍ബന്ധമായും തേടണം. ദില്ലി സര്‍ക്കാരിന്റെ ദൈംനം ദിന നടപടികള്‍ നിയമസഭാ കമ്മിറ്റിയെ വിലക്കുകയും ചെയ്യുന്നതാണ് ഭേദഗതി. 

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് കഴിഞ്ഞ മാസമാണ് ഈ ഭേദഗതി പാര്‍ലമെന്റില്‍ പാസായത്. ബില്ലിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ പാര്‍ലമെന്ററി സ്ഥിരം സമിതിക്കു വിടണമെന്ന ആവശ്യം പോലും തള്ളിയായിരുന്നു ബില്ല് പാസാക്കിയത്. ഭരണഘടനാ വിരുദ്ധമെന്നും ജനാധിപത്യ വിരുദ്ധമെന്നുമാണ് ഭേദഗതിയെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വിലയിരുത്തുന്നത്.

Tags: