ജാഗ്രത; രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉറപ്പ്

Glint desk
Wed, 05-05-2021 07:25:53 PM ;

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുന്നതിനിടെ എല്ലാവരെയും ആശങ്കയിലാഴ്ത്തുന്ന മറ്റൊരു വിവരം പുറത്തു വരുന്നു. വൈറസ് വ്യാപനം ഉയര്‍ന്ന തോതില്‍ ആയതിനാല്‍ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഉറപ്പാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എപ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് വ്യക്തമല്ലെന്നും പുതിയ കൊവിഡ് തരംഗങ്ങള്‍ നേരിടാന്‍ നാം സജ്ജരാകണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക്ക് അഡൈ്വസറായ കെ വിജരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

നിലവില്‍ 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തില്‍ അധികം സജീവ കേസുകളുണ്ട്. അമ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ സജീവ കേസുകളുള്ള ഏഴ് സംസ്ഥാനങ്ങളുമുണ്ട്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഒന്നര ലക്ഷത്തോളം സജീവ കേസുകളുണ്ട്.

നിലവിലെ കൊവിഡ് വൈറസ് വകഭേദങ്ങള്‍ക്ക് വാക്സിനുകള്‍ ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദങ്ങള്‍ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

Tags: