'നിയമവിരുദ്ധ' ട്വീറ്റുകള്‍ക്ക് ഇനി കമ്പനി ഉത്തരവാദി; ട്വിറ്ററിന് ഇന്ത്യയില്‍ നിയമ പരിരക്ഷ നഷ്ടമായി

Glint desk
Wed, 16-06-2021 11:46:43 AM ;

പുതിയ ഐ.ടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ട്വിറ്ററിനെ പൂട്ടാനുറച്ച് കേന്ദ്രം. ഇന്ത്യയില്‍ ട്വിറ്ററിനുണ്ടായിരുന്ന നിയമപരിരക്ഷ കേന്ദ്രം പിന്‍വലിച്ചു. പുതിയ ഐ.ടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്നാണിത്. കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചെന്ന് ട്വിറ്റര്‍ അറിയിച്ചെങ്കിലും തങ്ങള്‍ക്ക് അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. 

ഐ.ടി നിയമം അനുശാസിക്കുന്ന നിയമ പരിരക്ഷ നഷ്ടപ്പെട്ട ഏക അമേരിക്കന്‍ കമ്പനിയാണ് ട്വിറ്റര്‍. നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ ഉള്ളടക്കത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഇന്ത്യന്‍ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനല്‍ നടപടി സ്വീകരിക്കാനും കഴിയും. പുതിയ ഐ.ടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ നിയമിക്കേണ്ട സമയം മെയ് 25ന് അവസാനിച്ചിരുന്നു. ചില കമ്പനികള്‍ കോറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂണ്‍ അഞ്ചിന് ഗാസിയാബാദില്‍ പ്രായമായ മുസ്ലീം വൃദ്ധന് നേരെ ആറുപേര്‍ അതിക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച് തന്റെ താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നുമാണ് വൃദ്ധന്‍ ആരോപിച്ചത്. ഈ സംഭവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉളളടക്കം ട്വിറ്ററില്‍ പ്രചരിച്ചുവെന്നും ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരേ യു.പിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത് എന്നാല്‍ വൃദ്ധന് നേരെ ഉണ്ടായത് സാമുദായിക ആക്രമണമല്ലെന്നും ഇയാള്‍ വിറ്റ മന്ത്രത്തകിടുകളില്‍ അസംതൃപ്തരായ ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആറുപേര്‍ ചേര്‍ന്നാണ് ഇയാള്‍ക്കെതിരേ അതിക്രമം നടത്തിയതെന്നും യു.പി പോലീസ് പറയുന്നു.

Tags: