രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്; രജനി മക്കള്‍ മന്‍ഡ്രം പിരിച്ചുവിട്ടു

Glint desk
Mon, 12-07-2021 12:27:54 PM ;

രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്. രജനി മക്കള്‍ മന്‍ഡ്രത്തിന്റെ എല്ലാ ഘടകങ്ങളും അദ്ദേഹം പിരിച്ചു വിട്ടു. നേതൃയോഗത്തിന് ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ഒരു പദ്ധതിയുമില്ലെന്ന് യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. രജനി മക്കള്‍മന്‍ഡ്രം രജനീകാന്ത് രസിഗര്‍ നര്‍പാനി മന്‍ഡ്രം എന്ന ഫാന്‍സ് ഫെല്‍ഫെയര്‍ പ്രോഗ്രാമിന്റെ ഭാഗമായി തീരുമെന്ന് അദ്ദേഹം അറിയിച്ചു.

യോഗത്തിന് മുന്‍പ് തന്റെ രാഷ്ട്രീയ പ്രവേശനുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും അഭ്യൂഹങ്ങളും ഇന്ന് തന്നെ അവസാനിപ്പിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനികാന്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന ഔദ്യോഗിക തീരുമാനം ഇന്നാണ് പരസ്യമായി പ്രഖ്യാപിക്കുന്നത്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതുവര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആരോഗ്യനില മോശമായതോടെ താരം തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ആരോ?ഗ്യനില മോശമായത് ദൈവത്തിന്റെ മുന്നറിയിപ്പായാണ് കരുതുന്നതെന്നും തന്നെ വിശ്വസിച്ച് ഇറങ്ങുന്നവരെ ബലിയാടുകളാക്കാന്‍ ഉദ്ദേശമില്ലെന്നും പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുന്നുവെന്നുമായിരുന്നു അന്ന് രജനികാന്ത് വ്യക്തമാക്കിയത്. പിന്നാലെ തമിഴ്‌നാട്ടിലുടനീളം ആരാധകരുടെ പ്രതിഷേധമുയര്‍ന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ താരം. 

Tags: