കേന്ദ്രമന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ ഇസ്രയേലിന്റെ പെഗാസസ് ചോര്‍ത്തി? വിവരങ്ങള്‍ ഉടന്‍ പുറത്തു വന്നേക്കുമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

Glint desk
Sun, 18-07-2021 07:50:15 PM ;

ഇന്ത്യയിലെ മന്ത്രിമാരുടെയും ജഡ്ജിമാരുടെയും ഫോണുകള്‍ ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി സംശയമുണ്ടെന്ന് രാജ്യസഭാ എം.പി സുബ്രഹ്‌മണ്യന്‍ സ്വാമി. നരേന്ദ്ര മോദി മന്ത്രി സഭയിലെ മന്ത്രിമാര്‍, ആര്‍.എസ്.എസ് നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍, ആര്‍.എസ്.എസ് നേതാക്കള്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്.

സ്ഥിരീകരണം ലഭിച്ചാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താന്‍ ഉടന്‍ പുറത്തുവിടുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങളായ വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ തുടങ്ങിയവയും വാര്‍ത്ത ഉടന്‍ റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു. പ്രതിപക്ഷ നിരയിലുള്ള നിരവധി നേതാക്കളുടെ ഫോണുകളും പെഗാസസ് ചോര്‍ത്തുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എം.പി ഡെറിക് ഒബ്രിയന്‍ പറഞ്ഞു.

പെഗാസസ് ഫോണ്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നേരത്തെയും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. 2019 ഒക്ടോബറില്‍ പെഗാസസിന്റെ സാങ്കേതിക വിദ്യയ്ക്ക് പുറകിലുള്ള എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെ കേസിന് പോകുമെന്ന് വാട്സ്ആപ്പും പറഞ്ഞിരുന്നു. പെഗാസസ് ഉപയോഗിച്ച് ദളിത് ആക്റ്റിവിസ്റ്റുകളുടെയും, അക്കാദമീഷ്യന്‍മാരുടെയും, അഭിഭാഷകരുടെയും, മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുവെന്ന് നേരത്തെ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags: