ഡി കാറ്റഗറിയില്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചത് എന്തിന്? സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

Glint desk
Tue, 20-07-2021 02:58:33 PM ;

ബക്രീദ് പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവ് നല്‍കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കേരളം ഭരണഘടനയുടെ 21 അനുചേദം അനുസരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാന്‍വാര്‍ കേസില്‍ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണ്. ഇപ്പോഴത്തെ ഇളവുകള്‍ സ്ഥിതി ഗുരുതരമാക്കിയാല്‍ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ നല്‍കിയ മൂന്ന് ദിവസത്തെ ഇളവുകള്‍ ഇന്ന് തീരുന്ന സ്ഥിതിക്ക് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും നേരത്തെ  ഈ ഹര്‍ജി വന്നിരുന്നെങ്കില്‍ അത് ചെയ്‌തേനേയെന്നും വ്യക്തമാക്കിയ കോടതി ഹര്‍ജി തീര്‍പ്പാക്കി. ജസ്റ്റിസ് റോഹിംഗ്ടണ് നരിമാന്‍, ജസ്റ്റിസ് ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയത്. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ തള്ളി രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി സ്വദേശിയായ മലയാളി വ്യവസായിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി ഇന്നലെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. 

കൊവിഡ് കേസുകള്‍ കൂടുതലെന്ന് കേരളം തന്നെ സമ്മതിച്ചിട്ടുണ്ടെന്നും എന്നിട്ടും ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും കേരളം രാജ്യത്തെ തന്നെ അപകടത്തിലാക്കുകയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. വ്യാപാരികളുടെ സമ്മര്‍ദഫലമായാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയതെന്ന് കേരളം തന്നെ സമ്മതിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. 

കൊവിഡ് കേസുകള്‍ കൃത്യമായി നിരീക്ഷിച്ചാണ് ഇളവുകള്‍ നല്‍കുന്നതെന്ന് ഇന്ന് നടന്ന വാദത്തില്‍ കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ടി.പി.ആര്‍ അനുസരിച്ച് മേഖലകള്‍ തിരിച്ചാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. കടകള്‍ തുറക്കാനുള്ള ഇളവുകള്‍ ജൂണ്‍ 15 മുതലേ നല്‍കിയതാണ്. ഹര്‍ജിക്കാരന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കേരളം വാദിച്ചു.

എന്നാല്‍ ഇളവുകള്‍ നേരത്തെ നല്‍കി എന്നത് ശരിയല്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍ പറഞ്ഞു. ടെക്‌സ്‌റ്റൈല്‍, ജ്വല്ലറി ഉള്‍പ്പടെയുള്ള കടകള്‍ക്ക് നേരത്തെ ഇളവ് നല്‍കിയിരുന്നില്ല. എന്നാല്‍ മൂന്ന് ദിവസത്തെ ഇളവ് മാത്രമാണ് നല്‍കിയിരുന്നതെന്നും ഇളവുകള്‍ എല്ലാം ഇന്ന് തീരുമെന്നും കേരളം സുപ്രീംകോടതിയില്‍ വാദിച്ചു.

Tags: