ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന് വെള്ളി

Glint desk
Sat, 24-07-2021 12:29:36 PM ;

ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു. 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. സ്നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു.

ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത് ഇതാദ്യം. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.

ഈ വിഭാഗത്തില്‍ ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. 202 കിലോയാണ് മീരാഭായി ഉയര്‍ത്തിയത്. ഇന്തോനീഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.

Tags: