സ്വാതന്ത്ര്യദിന തലേന്ന് മോദി വിദ്വേഷം പരത്തുന്നെന്ന് ആന്റണി; എത്ര പഞ്ചസാരപുരട്ടിയാലും പഴയ മുറിവുകള്‍ ഓര്‍മ്മപ്പെടുത്തുന്നത് നല്ലതിനല്ല

Glint desk
Sat, 14-08-2021 07:45:27 PM ;

ഓഗസ്റ്റ് പതിനാല് വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പ്രധാനമന്ത്രിയുടെ സന്ദേശം തെറ്റാണെന്നും വിഭാഗീയതയും വിദ്വേഷവും വളര്‍ത്താന്‍ അവസരമൊരുക്കുന്നതാണെന്നും ആന്റണി പറഞ്ഞു. എത്ര പഞ്ചസാര പുരട്ടിയാലും പഴയ മുറിവുകള്‍ ഓര്‍മ്മപ്പെടുത്താന്‍ ശ്രമിക്കുന്നത് നല്ല ഉദ്ദേശത്തോട് കൂടിയാണെന്ന് എനിക്ക് അഭിപ്രായമില്ല, എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയില്‍ നിന്നും ഇങ്ങനെയൊരു സന്ദേശമുണ്ടായത് ദൗര്‍ഭാഗ്യകരമായി. രാജ്യത്തെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണിത് നല്‍കുന്നത്. തീര്‍ച്ചയായും ചരിത്രത്തിലെ നിര്‍ഭാഗ്യകരമായ അധ്യായമാണ് ഇന്ത്യാ വിഭജനം. പക്ഷേ അന്നത്തെ വിഭജനത്തിന്റെ മുറിവുകളും കഷ്ടപ്പാടുകളും വിദ്വേഷവുമെല്ലാം ഓര്‍മ്മപ്പെടുത്തി രാജ്യത്ത് വിദ്വേഷത്തിന്റെ അന്തരീക്ഷം വീണ്ടും ഉണ്ടാക്കാനുള്ള അവസരമായിരിക്കും പ്രധാനമന്ത്രിയുടെ പ്രസ്താവന ഉണ്ടാക്കാന്‍ പോകുന്നതെന്നും ആന്റണി അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങളിലുണ്ടായ മുറിവുണക്കി യോജിപ്പിച്ചു കൊണ്ടു പോകാന്‍ ബാധ്യസ്ഥനായ പ്രധാനമന്ത്രിയില്‍ നിന്നും സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് തന്നെ വിഭാഗീയത വളര്‍ത്തുന്ന സന്ദേശമുണ്ടായത് നിര്‍ഭാഗ്യകരമാണെന്നും എ.കെ ആന്റണി പറഞ്ഞു.

ഓഗസ്റ്റ് പതിനാല് വിഭജനഭീതിയുടെ ഓര്‍മ്മ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇന്ത്യ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ഓഗസ്റ്റ് പതിനാലാണ് പാകിസ്താന്‍ സ്വാതന്ത്ര്യദിനമായി ആചരിക്കുന്നത്.

Tags: