അഫ്ഗാനില്‍ നിന്ന് മുഴുവന്‍ മലയാളികളെയും തിരിച്ചെത്തിച്ചു

Glint Desk
Sun, 22-08-2021 12:13:33 PM ;

അഫ്ഗാനിസ്താനില്‍ നിന്ന് തിരികെയെത്താന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് ഗാസിയാബാദിലെത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് എല്ലാവരെയും തിരിച്ചെത്തിച്ചത്. കൂടുതല്‍ മലയാളികള്‍ അഫ്ഗാനില്‍ കുടുങ്ങിക്കിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് നോര്‍ക്കയുടെ റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ പറഞ്ഞു.

168 പേരുമായാണ് വ്യോമസേനാ വിമാനം ഗാസിയാബാദിലെ ഹിന്റണ്‍ ബേസില്‍ ലാന്റ് ചെയ്തത്. അഫ്ഗാന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് മാത്രം 390 പേരെയാണ് ദില്ലിയിലേക്ക് എത്തിച്ചത്. വ്യോമസേനയുടെ വിമാനത്തില്‍ തിരിച്ചെത്തിച്ച 168 പേരെ ഇന്നലെ താലിബാന്‍ തടഞ്ഞുവെച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് താലിബാന്‍ ഇവരെ വിട്ടയച്ചത്. 

മലയാളികള്‍ക്കൊപ്പം ദില്ലിയിലെത്തിയ സംഘത്തില്‍ എം.പിമാര്‍ അടക്കമുള്ള അഫ്ഗാന്‍ പൗരന്‍മാരുമുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള  222 പേര്‍ ഇന്ത്യയില്‍ ഇന്ന് രാവിലെ തിരിച്ചെത്തിയിരുന്നു. താജിക്കിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് വിമാനങ്ങള്‍ എത്തിയത്. ഇന്ത്യക്കാര്‍ക്കൊപ്പം രണ്ട് നേപ്പാള്‍ പൗരന്‍മാരെയും തിരിച്ചെത്തിച്ചിരുന്നു. അമേരിക്കന്‍ വിമാനങ്ങളില്‍ ദോഹയില്‍ എത്തിയ 135 പേരെയാണ് ഇവിടെ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ദില്ലിയിലേക്ക് എത്തിച്ചത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags: