സേനയില്‍ താടി വളര്‍ത്തുന്നത് അംഗീകരിക്കാനാകില്ല; അലഹബാദ് ഹൈക്കോടതി

Glint Desk
Tue, 24-08-2021 03:17:32 PM ;

താടി വെയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പോലീസുദ്യോഗസ്ഥന്റെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. താടിവെച്ചതിന്റെ പേരില്‍ സേനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫര്‍മാനാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബറിലാണ് മുഹ്‌മദ് ഫര്‍മാനെ താടിവെച്ചതിന് സസ്പെന്‍ഡ് ചെയ്തത്. ഭരണഘടനയിലെ 25-ാം വകുപ്പ് പ്രകാരം താടിവെക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഫര്‍മാന്‍ ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍ അധ്യക്ഷനായ ബെഞ്ച് ഈ വാദം തള്ളുകയായിരുന്നു.

ഇക്കാര്യത്തില്‍ മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന വകുപ്പ് 25ന്റെ പരിരക്ഷ പോലീസിന് ലഭിക്കില്ലെന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്. പോലീസ് സേനയില്‍ താടി വളര്‍ത്തുന്നത് ഭരണഘടനാപരമായ അവകാശമായി കണക്കാക്കാനാകില്ലെന്നും പോലീസിന് വേണ്ടത് മതേതര മുഖമാണെന്നും കോടതി വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ് വന്നിട്ടും താടി വടിക്കാത്തത് സര്‍ക്കുലര്‍ ലംഘനമാണന്നും കോടതി ചൂണ്ടിക്കാണിച്ചു.

2020 ഒക്ടോബര്‍ 26നാണ് സംസ്ഥാന ഡി.ജി.പി പോലീസുദ്യോഗസ്ഥര്‍ താടി നീട്ടരുതെന്ന് കാണിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. ഇതിനെതിരെയായിരുന്നു പോലീസുദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചത്.

Tags: