മാര്‍ക്ക് ജിഹാദ് വാദം തള്ളി ഡല്‍ഹി സര്‍വ്വകലാശാല; കേരളത്തിലെ കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന ഇല്ല

Glint Desk
Fri, 08-10-2021 10:53:32 AM ;

മാര്‍ക്ക് ജിഹാദ് വാദം തള്ളി ഡല്‍ഹി സര്‍വ്വകലാശാലയുടെ  പ്രതികരണം. ബിരുദ പ്രവേശനത്തില്‍ കേരളത്തിലെ കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന ഇല്ലെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി. എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കിയെന്ന് ഡിയു രജിസ്ട്രാര്‍ വികാസ് ഗുപ്ത പറഞ്ഞു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദാണെന്ന, ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകന്റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. 

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു, രാംജാസ്, മിറാണ്ട, എസ്.ആര്‍.സി.സി തുടങ്ങി പ്രധാന കോളേജുകളിലെ ആദ്യ പട്ടികയില്‍ ഇടംനേടിയതില്‍ കൂടുതലും മലയാളി വിദ്യാര്‍ത്ഥികളായിരുന്നു.  ഇതിന് പിന്നാലെ ആണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദ് ആണെന്ന് അധ്യാപകന്‍ ആരോപിച്ചത്. കിരോഡി മാല്‍ കോളേജിലെ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ രാകേഷ് പാണ്ഡെ ആണ് വിവാദ പ്രസ്താവന നടത്തിയത്. ആര്‍.എസ്.എസ് ബന്ധമുള്ള അദ്ധ്യപകസംഘടനയുടെ മുന്‍ പ്രസിഡന്റാണ് പാണ്ഡെ. ഡല്‍ഹിയില്‍ വന്നു പഠിക്കാനായി കേരളത്തിലുള്ളവര്‍ക്ക് പ്രത്യേക ഫണ്ട് കിട്ടുന്നുണ്ട് എന്നും രാകേഷ് പാണ്ഡെ ആരോപിച്ചു.

പ്രസ്താവന അതിര് കടന്നുവെന്ന് ശശി തരൂരും തീവ്രവാദ സ്വാഭാവമുള്ളതെന്ന് എസ്.എഫ്.ഐയും പ്രതികരിച്ചു. നൂറ് ശതമാനം മാര്‍ക്കോടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതാണ് പ്രസ്താവനയെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു പറഞ്ഞു.

Tags: