മൂന്നാഴ്ചയായി ആര്യന്‍ ജയിലില്‍; ഒടുവില്‍ മകനെ കാണാന്‍ ഷാരൂഖ് ഖാന്‍ എത്തി

Glint Desk
Thu, 21-10-2021 11:32:22 AM ;

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഖാന്‍ എത്തി. ആര്‍തര്‍ റോഡ് ജയിലിലാണ് ഷാരൂഖ് ആര്യനെ കാണാന്‍ എത്തിയത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ആര്യന്‍ ജയിലിലാണ്. 

കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍.ഡി.പി.എസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഷാരൂഖ് ഖാന്‍ മകനെ കാണാന്‍ ജയിലില്‍ എത്തിയത്. 

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആര്യന്‍ ഖാനില്‍ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നല്‍കണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എന്‍.സി.ബി വാദിക്കുക ആയിരുന്നു. 

ഈ മാസം മൂന്നാം തീയതി അറസ്റ്റിലായ ആര്യന്‍ ഖാന്‍ നിലവില്‍ ആര്‍തര്‍ റോഡ് ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജയിലില്‍ നടന്ന കൗണ്‍സിംഗിനിടെ ആര്യന്‍ ഖാന്‍ പറഞ്ഞതായി എന്‍.സി.ബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു

Tags: