ആര്യന്‍ ഖാന് ജാമ്യം; പുറത്തിറങ്ങുന്നത് 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം

Glint Desk
Thu, 28-10-2021 06:37:43 PM ;

ആഡംബരക്കപ്പലിലെ ലഹരിക്കേസില്‍ പിടിയിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചു. മുംബൈ ഹൈക്കോടതിയാണ് ആര്യനും അറസ്റ്റിലായ അറബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചത്. 21 ദിവത്തെ ജയില്‍ വാസത്തിന് ശേഷമാണ് ആര്യന് ജാമ്യം ലഭിച്ചത്. ഉപാധികള്‍ കോടതി നാളെ അറിയിക്കും.

ആര്യന്‍ ആദ്യമായല്ല വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് കോടതിയില്‍ എന്‍.സി.ബി അഭിഭാഷകനായ എ.എസ്.ജി അനില്‍ സിംഗ് പറഞ്ഞത്. അതിനാല്‍ എന്‍.ഡി.പി.എസ് ആക്റ്റ് അനുസരിച്ച് ഇത്തരം കേസുകളില്‍ ജാമ്യം അനുവദിക്കരുതെന്നും എന്‍.സി.ബി വ്യക്തമാക്കി. എന്നാല്‍ തന്റെ കക്ഷി കുറ്റക്കാരനാണെന്നതിന് ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് ആര്യന്റെ അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചനയുടെ പുറത്താണ് ആര്യന് മേല്‍ കുറ്റം ചുമത്തിയതെന്നും അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.

23കാരനായ ആര്യന്‍ ഒക്ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ്. ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പടെയുള്ളവരെ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തത്. മൂന്നിന് ആര്യന്‍ ഉള്‍പ്പടെയുള്ളവരെ എന്‍.സി.ബി കസ്റ്റഡില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരെയും പിന്നീട് ഏഴ് വരെയും കസ്റ്റഡി നീട്ടി. ഒക്ടോബര്‍ 7ന് ആര്യനെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡയില്‍ വിട്ടു. തുടര്‍ന്ന് മുംബൈ ആര്‍ഥര്‍ റോഡ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

Tags: