കങ്കണ റണാവത്തിന്റെ പത്മശ്രീ തിരിച്ചെടുക്കണം; രാഷ്ട്രപതിക്ക് കത്തെഴുതി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ

Glint Desk
Mon, 15-11-2021 11:57:15 AM ;

നടി കങ്കണ റണാവത്തിന് നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ രാഷ്ട്രപതിക്ക് കത്തെഴുതി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഭിക്ഷയെന്ന് പറഞ്ഞ കങ്കണയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞത്. കങ്കണ അവര്‍ക്ക് യോജിക്കാന്‍ കഴിയാത്ത ആളുകളെ മോശമായ ഭാഷയില്‍ ചിത്രീകരിക്കുകയാണെന്നും സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് നേരെ വരെ കങ്കണ വിഷം ചീറ്റാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

''കങ്കണയുടെ പരാമര്‍ശം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. മഹാത്മാ ഗാന്ധി, ഭഗത് സിംഗ്, തുടങ്ങി രാജ്യത്തിന് വേണ്ടി പോരാടിയ എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള വെറുപ്പാണ് കങ്കണയുടെ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നത്,'' സ്വാതി പ്രസ്താവനയില്‍ പറയുന്നു.

ബോളിവുഡ് നടി കങ്കണാ റണാവത്തിന് നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിന് ശേഷമാണ് ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയത്. കങ്കണയുടെ പരാമര്‍ശം രാജ്യദ്രോഹമാണെന്നും പത്മശ്രീ തിരിച്ചെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014ലാണ്' എന്നാണ് കങ്കണ പറഞ്ഞത്. കങ്കണയുടെ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനമാണ് നടിക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി ജീവന്‍ ബലികൊടുത്ത സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണ് കങ്കണ ചെയ്ത്. വിവാദ പരാമര്‍ശത്തില്‍ നടി മാപ്പ് പറയണമെന്നും വിമര്‍ശകര്‍ പറയുന്നു.

Tags: