രാഷ്ട്രപതി ഒപ്പുവച്ചു; വിവാദമായ മൂന്ന് കര്‍ഷകനിയമങ്ങള്‍ റദ്ദായി

Glint Desk
Wed, 01-12-2021 07:35:01 PM ;

കൃഷി നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ലിന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അംഗീകാരം. ബില്ലില്‍ പ്രസിഡന്റ് ഒപ്പിട്ടതോടെ വിവാദമായ മൂന്നു കൃഷി നിയമങ്ങളും റദ്ദായി. ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു. ചര്‍ച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും മിനിറ്റുകള്‍ക്കകം പാസ്സാക്കിയത്. 

ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ഒരു വര്‍ഷത്തിലധികം നീണ്ട ഐതിഹാസികമായ കര്‍ഷക സമരത്തെത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു.

ചര്‍ച്ച കൂടാതെത്തന്നെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമങ്ങള്‍ എന്തുകൊണ്ടാണ് പിന്‍വലിക്കുന്നതെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്. അതിനാല്‍ ചര്‍ച്ച വേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്.

Tags: