കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടം, ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെടുത്തു

Glint Desk
Thu, 09-12-2021 10:24:25 AM ;

കൂനൂരില്‍ അപകടത്തില്‍പ്പെട്ട വ്യോമസേനാ ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തി. അന്വേഷണ സംഘമാണ് ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തിയത്. സുരക്ഷാ സംവിധാനത്തില്‍ എന്തെങ്കിലും പിഴവുകളുണ്ടോ തുടങ്ങി അപകടം സംഭവിച്ച സമയത്ത് എന്താണ് നടന്നതെന്നും അറിയാന്‍ ഡാറ്റാ റെക്കോര്‍ഡറിലെ വിവരങ്ങള്‍ ഉപകരിക്കും.

അതേസമയം അന്വേഷണ സംഘം അപകട സ്ഥലത്ത് പരിശോധന തുടരുകയാണ്. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേര് അടങ്ങുന്ന സംഘമാണ് പരിശോധന സംഘത്തിലുള്ളത്.

വ്യോമസേനാ മേധാവി വിവേക് ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി. തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. റാവത്തിന്റെ ഭാര്യ മധുലികയും അപകടത്തില്‍ മരിച്ചു.

ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ഹെലികോപ്റ്റര്‍ അപകടം. ഹെലികോപ്ടര്‍ അപകടത്തില്‍ സഞ്ചരിച്ച പതിനാലില്‍ പതിമൂന്നും പേരും മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ഹെലികോപ്റ്ററിന്റെ സാങ്കേതിക പ്രശ്നമെന്തായിരുന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സ് അറിയിച്ചിട്ടുണ്ട്.

Tags: