ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേര്‍ക്ക് എന്നാണ് ഔദ്യോഗിക കണക്ക്. കേരളം ഒമിക്രോണ്‍ വ്യാപനത്തില്‍ നാലാമത് ആണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ്. കൊവിഡ് പ്രതിദിന കേസുകള്‍ 90000ത്തിന് മുകളില്‍ എത്തി. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 90,928 ആണ്.
ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. പ്രതിദിന കൊവിഡ് കേസുകളിലെ വര്‍ധന ആശങ്ക ഉയര്‍ത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 24 മണിക്കൂറിനിടെ 325 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 6.43% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലെന്ന് കൊവിഡ് വാക്സീന് സാങ്കേതിക ഉപദേശകസമിതി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഈ മാസം തന്നെ കൊവിഡ് കേസുകള്‍ ഏറ്റവുമുയര്‍ന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞു കവിയാന്‍ സാധ്യതയുണ്ടെന്നും കൊവിഡ് വാക്സീന് സാങ്കേതിക ഉപദേശകസമിതി ചെയര്മാന് ഡോ. എന്‍.കെ അറോറ വ്യക്തമാക്കി. പുതുതായി ഉണ്ടായ 50 ശതമാനം കേസുകള്‍ക്കും പിന്നില്‍ ഒമിക്രോണ്‍ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.