ഗര്‍ഭിണികളായവര്‍ക്ക് നിയമനമില്ല; എസ്.ബി.ഐ നടപടിക്കെതിരേ വനിതാ കമ്മീഷന്‍ വിശദീകരണം തേടി

Glint Desk
Sat, 29-01-2022 11:52:56 AM ;

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തില്‍ ഗര്‍ഭിണികളായവര്‍ക്ക് താല്‍ക്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെടല്‍. മാര്‍ഗ നിര്‍ദേശം പിന്‍വലിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എസ്.ബി.ഐക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. പുതിയ ഉത്തരവ് വിവേചനപരവും നിയമ വിരുദ്ധവുമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. വിവാദ സര്‍ക്കുലര്‍ റദ്ദ് ചെയ്യണമെന്നും വിഷയത്തില്‍ അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഡിസംബര്‍ 31നാണ് ഗര്‍ഭിണികളായവര്‍ക്ക് താല്‍ക്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് എസ്.ബി.ഐ പുറത്തിറക്കിയത്. ഗര്‍ഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച് നാലുമാസമാകുമ്പോള്‍ മാത്രമേ നിയമനം നല്‍കാവൂ എന്നായിരുന്നു ചീഫ് ജനറല്‍ മാനേജര്‍ മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നത്. 

ബാങ്കില്‍ ക്ലറിക്കല്‍ കേഡറിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്ന 2009-ല്‍ നിയമനം സംബന്ധിച്ച് വിജ്ഞാപനം വന്നപ്പോഴാണ് ഗര്‍ഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആറുമാസമോ അതിലേറെയോ ഗര്‍ഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി. നേരത്തേ ഗര്‍ഭിണികളായി ആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. പ്രൊമോഷനും ഇത് ബാധകമാണ്.

Tags: