നാസയുടെ 'ഇന്‍സൈറ്റ്' വിജയകരമായി ചൊവ്വയിലിറങ്ങി

Glint Staff
Tue, 27-11-2018 01:22:30 PM ;
New York

InSight

ആറ് മാസം മുമ്പ് വിക്ഷേപിച്ച നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ചൊവ്വയില്‍ ഇറങ്ങി. കഴിഞ്ഞ മെയ് 5ന് കലിഫോര്‍ണിയയിലെ യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ അറ്റ്ലസ് 5 റോക്കറ്റിലാണ് ഇന്‍സൈറ്റ് വിക്ഷേപിച്ചത്. ഏഴ് മാസത്തോളമെടുത്ത വിക്ഷേപണ കാലയളവിലെ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇന്നലെ നടന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് കടന്ന് നിലം തൊടുന്നത് വരെയുള്ള ആറര മിനിറ്റ് യാത്ര. മണിക്കൂറില്‍ 19800 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്ന പേടകത്തെ പാരഷൂട്ടിന്റെ സഹായത്താല്‍ നിയന്ത്രിച്ച് പതിയെ ഉപരിതലത്തില്‍ ഇറക്കുകയായിരുന്നു.

 

ഇതുവരെ നടന്നിട്ടുള്ള ചൊവ്വാ ദൗത്യങ്ങളില്‍ 40 ശതമാനം മാത്രമാണ് വിജയം കണ്ടിട്ടുള്ളത്. 5.48 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് 360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് ചൊവ്വയില്‍ എത്തിയത്.  

 

ദൗത്യത്തിലൂടെ ചൊവ്വായുടെ  ആന്തരികഘടനയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ചൊവ്വയുടെ കമ്പനങ്ങളും അളക്കും. റൈസ് ക്യാമറ, സീസ് കമ്പമാപിനി, എച്ച്പി3 താപമാപിനി തുടങ്ങിയ ഉപകരണങ്ങള്‍ പേടകത്തിനൊപ്പമുണ്ട്.

 

 

Tags: