ന്യൂസീലാന്‍ഡ് വെടിവയ്പ്പ്: 49 പേര്‍ കൊല്ലപ്പെട്ടു; 20 പേര്‍ക്ക് പരിക്ക്

Glint Desk
Fri, 15-03-2019 06:44:02 PM ;

 new-zealand

ന്യൂസീലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലായുണ്ടായ വെടിവെപ്പില്‍ 49പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലുമാണ് വെടിവെപ്പുണ്ടായത്. അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 39പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. 10 പേര്‍ ലിന്‍വുഡ് മോസ്‌കില്‍ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു.

 

മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണംനടത്തിയതെന്നാണ് വിവരങ്ങള്‍. ഇവര്‍ ഓസ്‌ട്രേലിയന്‍ വംശജരാണെന്നാണ്‌റിപ്പോര്‍ട്ട്. ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷന്‍മാരേയുംഒരു സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

സംഭവത്തെ തുടര്‍ന്ന് അതീവ ജാഗ്രതയാണ് ന്യൂസിലന്‍ഡില്‍ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് എത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവ സമയത്ത് ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങളും ആക്രമണം നടന്ന അല്‍ നൂര്‍ പള്ളിയിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ടായേക്കാമെന്നാണ് വിവരങ്ങള്‍.

 

സംഭവത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ദേന്‍ ഇന്ന്‌ന്യൂസിലന്‍ഡിന്റെ കറുത്ത ദിനമാണെന്നും പറഞ്ഞു.

 

 

Tags: