യുദ്ധ സൂചന നല്‍കി ഇറാന്‍; ചുവപ്പ് പതാക ഉയര്‍ത്തി

Glint Desk
Sun, 05-01-2020 11:13:48 AM ;

 iran red flag

ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുതിര്‍ന്ന നേതാവായ ആയത്തുള്ള ഖമേനി നേരത്തെ വ്യക്തമാക്കിയിരുന്നു. ആ തിരിച്ചടി വന്‍ പ്രഹരശേഷിയുള്ളതായിരിക്കും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ പള്ളിയിലെ താഴികക്കുടത്തില്‍ ചുവപ്പ് പതാക ഉയര്‍ന്നിരിക്കുകയാണ്. യുദ്ധത്തിന്റെ മുന്നറിയിപ്പായിട്ടാണ് ചുവന്ന പതാക ഉയര്‍ത്തുന്നുതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ പറയുന്നു. 

ഖാസിം സുലൈമാനി ഇറാനെ സംബന്ധിച്ചെടുത്തോളം ഏറ്റവും വിലപ്പെട്ട സൈനികമേധാവിയായിരുന്നു. ജനങ്ങള്‍ക്കിടയിലും അദ്ദേഹത്തിന് വലിയ താരപരിവേഷമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങിന് പങ്കെടുക്കാന്‍ ബാഗ്ദാദില്‍ തടിച്ചുകൂടിയിരിക്കുന്നത് ആയിരങ്ങളാണ്.

അതിനിടെ ഇറാന്‍ അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ 52 കേന്ദ്രളില്‍ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ റഷ്യയും ചൈനയും ഇറാനെ പിന്തുണക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മൂന്നാം ലോക മഹായുദ്ധത്തിലേക്കുള്ള തുടക്കമായിട്ടാണ് പലരും സുലൈമാനിയുടെ വധത്തെക്കാണുന്നത്.

Tags: