കൊവിഡ് 19: ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പ്, നിര്‍ദ്ദേശങ്ങളുമായി ഡബ്ല്യൂ.എച്ച്.ഒ

Glint Desk
Sat, 14-03-2020 11:05:34 AM ;

ലോകത്ത് 123 രാജ്യങ്ങളില്‍ ഇതിനോടകം സ്ഥിരീകരിച്ച് കഴിഞ്ഞ കൊവിഡ് 19 വൈറസിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പെന്ന് ലോകാരോഗ്യ സംഘടന. ചൈനയ്ക്ക് പുറത്ത് ഏറ്റവും അധികം ആളുകളുടെ ജീവനെടുത്തതോടെയാണ് യൂറോപ്പാണ് ഇപ്പോള്‍ കൊവിഡ് 19 വൈറസ്ബാധയുടെ പ്രഭവകേന്ദ്രം എന്ന് ഡബ്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊവിഡ് 19 വൈറസ്ബാധയേറ്റ് 5000ത്തിലേറെ പേരാണ് ഇതുവരെ മരണപ്പെട്ടത്. ചൈനയില്‍ നിയന്ത്രണത്തിലായെങ്കിലും ഇറ്റലിയിലും പിന്നാലെ സ്‌പെയിനിലും മരണസംഖ്യ ഏറുകയാണ്. സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്താകെ 1,32,500 പേരെ കൊറോണവൈറസ് ബാധിച്ചെന്ന് ഡബ്യൂ.എച്ച്.ഒ വ്യക്തമാക്കുന്നു. 

ഇറ്റലിയില്‍ മരണസംഖ്യ 1266 ആയി. ഇന്നലെ മാത്രം 250 പേരാണ് മരിച്ചത്. കൂടാതെ രോഗബാധിതരുടെ എണ്ണം 17,660 ആയി. സ്‌പെയിനിലും മരണനിരക്കില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. ഫ്രാന്‍സില്‍ രോഗബാധിതരുടെ എണ്ണം 2876 ആയി ഉയര്‍ന്നു. ജര്‍മ്മനിയില്‍ 3062 കേസുകളും ലണ്ടനില്‍ 798 കേസുകളും സ്ഥിരീകരിച്ചു.

സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഡെന്മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ, ഓസ്ട്രിയ, ഉക്രെയ്ന്‍, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചു. ബെല്‍ജിയവും ഫ്രാന്‍സും രാജ്യത്ത് സ്‌ക്കൂളുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. 

പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കൂടാതെ സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കാനും നിര്‍ദ്ദേശിച്ചു.  

 

Tags: