കൊറോണ; ലോകത്താകെ മരണം 21,000 കടന്നു

Glint desk
Thu, 26-03-2020 11:32:27 AM ;

കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകെ മരണം 21,000 കടന്നു. 4,68,000 ത്തില്‍ അധികം ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ഒരു ദിവസത്തിനിടെ 683 പേരാണ് മരിച്ചത്. ഇറ്റലിയില്‍ ഇതുവരെ 7,503 പേര്‍ വൈറസ്ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 5,210 പുതിയ രോഗികളും ഉണ്ട്. 

അമേരിക്കയിലും രോഗവ്യാപനം ദ്രുതഗതിയിലാണ്. ഒരു ദിവസം കൊണ്ട് പതിനായിരത്തിലേറെ പേര്‍ രോഗികളായി. 150ലേറെ മരണങ്ങളും ഒറ്റിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തു. 

സ്‌പെയിനിലും 24 മണിക്കൂറില്‍ 7,457 പേര്‍ രോഗികളായി. ചൈനയിലേക്കാള്‍ കൂടുതല്‍ മരണങ്ങളാണ് ഇറ്റലിയിലും സ്‌പെയിനിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജര്‍മ്മനി, ഫ്രാന്‍സ്, ഇറാന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്.

സ്‌പെയിനില്‍ ഉപപ്രധാനമന്ത്രി കാര്‍മന്‍ കാല്‍വോയും കൊവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ആശുപത്രിയില്‍ ചികില്‍സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം 47,610 പേരാണ് സ്‌പെയിനില്‍ കൊറോണ ബാധിച്ച് ചികില്‍സയിലിരിക്കുന്നത്. 

അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച രാജ്യങ്ങള്‍ വൈറസിനെ കണ്ടെത്താനും പ്രതിരോധിക്കാനും ഈ സമയം ഉപയോഗിക്കണമെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ അഭിപ്രായപ്പെട്ടു. 

Tags: