കൊറോണ: അമേരിക്കയില്‍ 81,000 പേര്‍ മരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

Glint desk
Sat, 28-03-2020 11:47:55 AM ;

അമേരിക്കയില്‍ കൊറോണബാധ മൂലം 81,000 ആളുകള്‍ മരിക്കാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌ക്കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തിന്റേതാണ് പഠനം. അമേരിക്കയില്‍ ജൂലൈ വരെ രോഗപ്പകര്‍ച്ച നിലനില്‍ക്കാമെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 

ഏപ്രില്‍ രണ്ടാമത്തെ ആഴ്ച ആകുന്നതോടെ അമേരിക്കയില്‍ കറോണവൈറസ് പകര്‍ച്ച അതിന്റെ തീവ്രതയിലെത്തുമെന്നും ജൂലൈ വരെ രോഗബാധയെ തുടര്‍ന്നുള്ള മരണങ്ങള്‍ തുടരുമെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ മാസത്തോടെ മരണനിരക്ക് കുറയുമെന്നും ദിവസം 10 പേര്‍ എന്ന നിലയിലേക്ക് എത്തിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അമേരിക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇവര്‍ പഠനം നടത്തിയത്.  ഇതനുസരിച്ച് രോഗവ്യാപനം തുടരുകയാണെങ്കില്‍ 38,000 മുതല്‍ 1,62,000 ആളുകള്‍ വരെ അമേരിക്കയില്‍ മരിക്കാന്‍ സാധ്യതയുണ്ട്.

രോഗവ്യാപനം തീവ്രമായതോടെ ഇറ്റലിക്ക് പിന്നാലെ കൊറോണയുടെ അടുത്ത പ്രഹരം അമേരിക്കയിലായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പ്രവചിച്ചിരിക്കുന്നത്.   

Tags: