കൊറോണയെ രാഷ്ട്രീയവല്‍ക്കരിക്കരുത്, ഐക്യമാണ് വേണ്ടത്; ലോകാരോഗ്യ സംഘടന

Glint desk
Thu, 09-04-2020 11:04:45 AM ;

കൊറോണ മഹാമാരിയെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ലോകാരോഗ്യ സംഘടന. എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും ഈ സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യമാണ് പ്രധാനമെന്നും ഡബ്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് പറഞ്ഞു. കൊറോണയെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ചൈനയോട് കൂടുതല്‍ താല്‍പ്പര്യം കാണിച്ചെന്നും ഡബ്യൂ.എച്ച്.ഒയ്ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്ന കാര്യം ആലോചിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ഡബ്യൂ.എച്ച്.ഒ മേധാവി. 

നിറം നോക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്തര്‍ദേശീയ തലത്തിലുള്ള ഐക്യമാണ് ഇപ്പോള്‍ ആവശ്യം. കൊവിഡിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്. അമേരിക്കയും ചൈനയും തമ്മില്‍ ഈ വിഷയത്തില്‍ ആത്മാര്‍ത്ഥമായ ഐക്യം വേണമെന്നും ഏറ്റവും ശക്തരായവര്‍ വഴി തെളിയിച്ചു കൊടുക്കണമെന്നും ദയവായി കൊറോണ രാഷ്ട്രീയത്തെ ക്വാറന്റൈന്‍ ചെയ്യൂ എന്നും ടെഡ്രോസ് അഥാനോം പറഞ്ഞു. അമേരിക്ക തുടര്‍ന്നും സഹായം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: