കിം ജോങ് ഉന്നിന്റെ നില അതീവ ഗുരുതരമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍

Glint desk
Tue, 21-04-2020 10:52:50 AM ;

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. യു.എസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സയിലാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രാദേശിക പത്രം പുറത്തുവിട്ടു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളിലെ കിമ്മിന്റെ അസാന്നിധ്യം അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപക പിതാവായ കിം ഇല്‍ സൂങിന്റെ ജന്മവാര്‍ഷിക ദിനമാണ് ഏപ്രില്‍ 15. ആദ്യമായാണ് കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മ വാര്‍ഷിക ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

കിം അവസാനമായി പങ്കെടുത്തത് ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലാണ്. ഏപ്രില്‍ 12നാണ് കിമ്മിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അമിതമായ പുകവലിയും മാനസിക സമ്മര്‍ദ്ദവുമാണ് കിമ്മിന്റെ ആരോഗ്യനില വഷളാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകളോട് ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tags: