ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കാനൊരുങ്ങി ചൈന

Glint desk
Fri, 01-05-2020 12:50:43 PM ;

ചൈന നാല് പ്രധാന നഗരങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ ഡിജിറ്റല്‍ കറന്‍സി പെയ്‌മെന്റുകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് ആഭ്യന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചു മാസങ്ങളായി ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് ഇ-ആര്‍.എം.ബിയുടെ വികസനം വേഗത്തിലാക്കിയിരുന്നു. ഷെന്‍ഷെന്‍, സുഷൗ, ചെങ്ഡു, ദക്ഷിണ ബെയ്ജിങ്, ഒളിമ്പിക്‌സിനായി ആതിഥേയത്വം വഹിച്ച പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിനകം ഡിജിറ്റല്‍ കറന്‍സി പരീക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഡിജിറ്റല്‍ കറന്‍സി ശേഖരിച്ച് വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടിയുള്ള ഒരു ആപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഏപ്രില്‍ പകുതി മുതല്‍ ചൈനയില്‍ പ്രചരിക്കുന്നുണ്ട്. 

മെയ് മാസം മുതല്‍ ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജന സേവകര്‍ക്കും ഡിജിറ്റല്‍ കറന്‍സിയിലായിരിക്കും ശമ്പളം ലഭിക്കുകയെന്ന് ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

മക്‌ഡൊണാള്‍ഡ്, സ്റ്റാര്‍ബക്‌സ് എന്നിവരുള്‍പ്പെടെ നിരവധി ബിസിനസ് സംരംഭങ്ങള്‍ പരീക്ഷണത്തില്‍ പങ്കാളികളാകാമെന്ന് സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. സുഷൗവില്‍ ഗതാഗത സഹായധനം നല്‍കാനായി ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുമെന്നും ഷിയോങ്ങില്‍ ഭക്ഷണം, ചില്ലറ വില്‍പ്പന എന്നിവയിലുമായിരിക്കും പരീക്ഷണം എന്നുമാണ് സൂചന. 

അലിപെ, വിചാറ്റ് പെ തുടങ്ങിയ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകള്‍ ഇതിനകം തന്നെ ചൈനയില്‍ വ്യാപകമാണ്. എന്നാല്‍ നിലവിലുള്ള കറന്‍സിക്ക് പകരംവയ്ക്കാവുന്നവയല്ല ഇതൊന്നും. ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കുന്ന ജനപ്രീതി പണമിടപാടുകള്‍ കുറച്ചു കൊണ്ടുവരാനും ആളുകള്‍ തമ്മിലുള്ള ശാരീരിക സമ്പര്‍ക്കം കുറയ്ക്കുന്നതിനും സഹായിക്കും എന്നാണ് പ്രതീക്ഷ. 

Tags: