ചികില്‍സിച്ച ഡോക്ടര്‍മാരുടെ പേര് കുഞ്ഞിന് നല്‍കി ബോറിസ് ജോണ്‍സണ്‍

Glint desk
Sun, 03-05-2020 11:47:53 AM ;

കൊറോണ ബാധിച്ച സമയത്ത് ചികില്‍സിച്ച ഡോക്ടര്‍മാരോടുള്ള നന്ദി സൂചകമായി സ്വന്തം കുഞ്ഞിന് അവരുടെ പേര് നല്‍കി ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഡോക്ടര്‍മാരായ നിക്ക് ഹര്‍ട്ട്, നിക്ക് പ്രൈസ് എന്നിവരാണ് ബോറിസ് ജോണ്‍സന്റെ ചികില്‍സയ്ക്ക് നേതൃത്വം വഹിച്ചിരുന്നുത്. വില്‍ഫ്രഡ് ലോറ നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. ഇതില്‍ നിക്കോളാസ് എന്ന പേരാണ് ഡോക്ടര്‍മാരോടുള്ള നന്ദി സൂചകമായി ചേര്‍ത്തതെന്ന് ബോറിസ് ജോണ്‍സന്റെ പങ്കാളി കാരി സിമണ്ട്‌സ് അറിയിച്ചു.

മാര്‍ച്ച് 26നാണ് ബോറിസ് ജോണ്‍സനെ കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണബാധിതനായി നാല് ദിവസം ബോറിസ് ജോണ്‍സണ്‍ സെന്റ് തോമസ് എന്‍.എച്ച്.എസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞു. തന്റെ നില ഗുരുതരമായിരുന്നു എന്നും മരണവാര്‍ത്ത അറിയിയ്ക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുത്തിരുന്നുവെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

ബ്രിട്ടനില്‍ കൊറോണബാധിച്ച് മരിച്ചവരുടെ എണ്ണം 28,131 ആയി.  

Tags: